ഐ.എം.വിജയൻ ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Malayalam

'വിജയ'കഥ ഇനി സിനിമയിൽ,സംവിധാനം ഒമർ ലുലു

പപ്പപ്പ ഡസ്‌ക്‌

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന്റെ ജീവിതം സിനിമയാകുന്നു. ഹാപ്പി വെഡിങ്, ചങ്ക്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഒമര്‍ ലുലുവാണു ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ടൈറ്റില്‍ ലോഞ്ച് ഏപ്രില്‍ 26-ന് തൃശൂരില്‍ നടക്കും. കേശവ രാമചന്ദ്രപ്പ, കെ. മഞ്ജു, രാജശേഖര്‍ ജി എന്നിവര്‍ ചേര്‍ന്നാണു ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തില്‍ വിജയനായി വേഷമിടുന്നത് ആരാണെന്നതും മറ്റ് അണിയറ പ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങളും ചടങ്ങില്‍ പ്രഖ്യാപിക്കും.

മലയാളി ഫുട്‌ബോള്‍ താരത്തിന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന രണ്ടാമത്തെ വലിയ സിനിമയായിരിക്കും ഇത്. മുന്‍പ് വി.പി. സത്യന്റെ ജീവിതം ആസ്പദമാക്കി ജയസൂര്യ നായകനായ 'ക്യാപ്റ്റന്‍' പുറത്തിറങ്ങിയിരുന്നു. വിജയന്റെ ജീവിതത്തെക്കുറിച്ച് 1998-ല്‍ 'കാലോ ഹരിന്‍' എന്ന ഡോക്യുമെന്ററിയും പുറത്തുവന്നിട്ടുണ്ട്. തൃശൂരിലെ സാധാരണ കുടുംബത്തില്‍ ജനിച്ച് സോഡ വിറ്റുനടന്നിരുന്ന വിജയന്‍ പിന്നീട് ഇന്ത്യന്‍ ഫുട്‌ബോളിലെ കറുത്ത മുത്തായി മാറിയ ചരിത്രമാണ് സിനിമയിലൂടെ ദൃശ്യവത്കരിക്കപ്പെടുന്നത്.

ഐ.എം.വിജയൻ മറഡോണയ്ക്കൊപ്പം

ഇന്ത്യന്‍ ദേശീയ ടീമിനായി 72 മത്സരങ്ങളില്‍നിന്ന് 29 ഗോളുകള്‍ നേടിയ വിജയന്‍, 2000 മുതല്‍ 2004 വരെ ടീമിനെ നയിച്ചിട്ടുണ്ട്. മൂന്നു തവണ ഇന്ത്യന്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ അദ്ദേഹത്തിന് അര്‍ജുന അവാര്‍ഡും പത്മശ്രീയും ലഭിച്ചു. ഫുട്‌ബോളിനു പുറമെ സിനിമയിലും അദ്ദേഹം സജീവമാണ്. ജയരാജ് സംവിധാനം ചെയ്ത ശാന്തത്തിലൂടെ അഭിനയരംഗത്തെത്തിയ വിജയന്‍ നിരവധി തമിഴ്, മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഒമര്‍ ലുലു

ഒമര്‍ ലുലു ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന പ്രധാന പ്രോജക്ടുകളില്‍ ഒന്നാണിത്. കറുത്തമുത്തിന്റെ ജീവിതം ഒമര്‍ ലുലു എങ്ങനെയാകും സ്‌ക്രീനില്‍ എത്തിക്കുക എന്ന ആകാംക്ഷയിലാണ് കായിക-സിനിമാപ്രേമികള്‍.