മന്ത്രി പി.സി.വിഷ്ണുനാഥ്,ഷാജി കൈലാസ് ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Malayalam

'ഐഎഫ്എഫ്കെ തിരുവനന്തപുരത്തു തന്നെ': ഷാജികൈലാസിന് മന്ത്രി വിഷ്ണുനാഥിന്റെ ഉറപ്പ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

അന്താരാഷ്ട്ര ചലച്ചിത്രോത്സവേദി(ഐഎഫ്എഫ്കെ) തിരുവനന്തപുരത്തുതന്നെ നിലനിർത്തുമെന്ന് സംവിധായകൻ ഷാജി കൈലാസിന് സാംസ്കാരികമന്ത്രി പി.സി.വിഷ്ണുനാഥിന്റെ ഉറപ്പ്. ഷാജി കൈലാസിനെ ഫോണിൽവിളിച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ചലച്ചിത്രത്തെ വ്യവസായമാക്കി മാറ്റിയതുൾപ്പെടെയുള്ള ബജറ്റ് പ്രഖ്യാപനങ്ങളെ അഭിനന്ദിച്ചെഴുതിയ ഫേസ്ബുക്ക് കുറിപ്പിൽ ചലച്ചിത്രോത്സവ വേദി മാറ്റുന്നുവെന്ന അഭ്യൂഹങ്ങളിലുള്ള സങ്കടം ഷാജികൈലാസ് പങ്കുവച്ചിരുന്നു.

'ചലച്ചിത്രോത്സവം തിരുവനന്തപുരത്ത് നിന്ന് 'ചിത്രനഗര'ത്തിനകത്തെ സ്ഥിരം വേദിയിലേക്ക് മാറ്റുന്നു എന്നുകേട്ടതിൽ മാത്രമാണ് തെല്ലുസങ്കടം. തിരുവനന്തപുരത്ത് ജനിച്ച്,അവിടെ സിനിമ കണ്ടുവളർന്ന്, ഓരോ ഫെസ്റ്റിവൽകാലത്തും ഒരു തിരുവനന്തപുരത്തുകാരനായി ലോകസിനിമകളിലേക്കും ഓർമകളിലേക്കും തീർഥാടകനെപ്പോലെ തിരികെപ്പോയിരുന്ന ഒരാളെന്ന നിലയിലുള്ള ആ നോവ് പക്ഷേ വ്യക്തിപരം മാത്രമായി കാണുന്നു- എന്നാണ് അദ്ദേഹം കുറിച്ചത്. ഇതുവായിച്ച മന്ത്രി ചലച്ചിത്രോത്സവ വേദി മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അത് തിരുവനന്തപുരത്ത് തന്നെയായിരിക്കുമെന്നും ഷാജി കൈലാസിനെ അറിയിക്കുകയായിരുന്നു.'

ഷാജി കൈലാസ്

ഷാജി കൈലാസിന്റെ കുറിപ്പിന്റെ പൂർണരൂപം

മലയാളസിനിമയിൽ നിരവധി വർഷങ്ങളായി തൊഴിലെടുക്കുന്ന ഒരാളെന്ന നിലയിൽ അങ്ങേയറ്റത്തെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ശ്രീ.വി.ഡി.സതീശന്റെ ബജറ്റ് അവതരണം കണ്ടിരുന്നത്. സിനിമ ഒരു വ്യവസായമായി പ്രഖ്യാപിക്കപ്പെടുമ്പോൾ ഒരു സിനിമാപ്രവർത്തകൻ എന്ന നിലയിൽ അനുഭവപ്പെടുന്ന ആത്മാഭിമാനത്തിന് അതിരുകളില്ല. സർഗാത്മകതയും മനുഷ്യാധ്വാനവും സമന്വയിക്കുന്നു എന്നതാണ് സിനിമയെ മറ്റ് തൊഴിൽമേഖലകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഒരു വ്യവസായത്തിന്റേതായ സംരക്ഷണവും ആനുകൂല്യങ്ങളും അതിന് ആവശ്യമായിരുന്നു. നാളേറെയായുള്ള ആവശ്യം സർക്കാർ പരിഗണിച്ചു. അതിന്റെ ഗുണം നമ്മുടെ സിനിമയിൽ പ്രതിഫലിക്കുമെന്നതിൽ സംശയമില്ല. അതുപോലെ തന്നെ കൊച്ചിയിൽ 'ചിത്രനഗരം' എന്ന പേരിൽ, ഞങ്ങളുടെയൊക്കെ ആദരണീയനായ പൂർവസൂരി ശ്രീ.ജെ.സി.ഡാനിയേലിന്റെ സ്മരണാർഥമുള്ള ഫിലിം സിറ്റി എന്ന ആശയവും സർക്കാരിന്റെ വിശാലമായ കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ്. തിരക്കഥയും അഭിനേതാക്കളുമായി ചെന്നാൽ സിനിമയുടെ പ്രിന്റുമായി തിരികെപ്പോരാം എന്നത് മറ്റ് ചിലയിടങ്ങളെക്കുറിച്ചുള്ള പ്രശംസയായിരുന്നു ഇത്രയും കാലം. ഇനി ആ സൗകര്യം നമ്മുടെ മണ്ണിലും ലഭ്യമാകുകയാണ്. ചലച്ചിത്രോത്സവം തിരുവനന്തപുരത്ത് നിന്ന് 'ചിത്രനഗര'ത്തിനകത്തെ സ്ഥിരം വേദിയിലേക്ക് മാറ്റുന്നു എന്നുകേട്ടതിൽ മാത്രമാണ് തെല്ലുസങ്കടം. തിരുവനന്തപുരത്ത് ജനിച്ച്,അവിടെ സിനിമ കണ്ടുവളർന്ന്, ഓരോ ഫെസ്റ്റിവൽകാലത്തും ഒരു തിരുവനന്തപുരത്തുകാരനായി ലോകസിനിമകളിലേക്കും ഓർമകളിലേക്കും തീർഥാടകനെപ്പോലെ തിരികെപ്പോയിരുന്ന ഒരാളെന്ന നിലയിലുള്ള ആ നോവ് പക്ഷേ വ്യക്തിപരം മാത്രമായി കാണുന്നു. ആന്റി പൈറസി സെൽ ഉൾപ്പെടെയുള്ള മറ്റ് ബജറ്റ്നിർദേശങ്ങളെക്കൂടി അഭിനന്ദിക്കുന്നതിനൊപ്പം ഒരു അഭിപ്രായം കൂടി മുന്നോട്ടുവയ്ക്കട്ടെ. ചലച്ചിത്രമേഖലയുടെ മേൽനോട്ടത്തിനായി കെ.എസ്.എഫ്.ഡി.സി,ചലച്ചിത്ര അക്കാദമി എന്നീ രണ്ടുസ്ഥാപനങ്ങളുണ്ട്,ഇപ്പോൾ. ഫലത്തിൽ ഒരേമേഖല കേന്ദ്രീകരിച്ചുപ്രവർത്തിക്കുകയാണ് ഇവ രണ്ടും. അതുകൊണ്ട് ഈ രണ്ട്സ്ഥാപനങ്ങളും ലയിപ്പിച്ച് ഒന്നാക്കിയാൽ അധികച്ചെലവ് ഇല്ലാതാക്കാനാകും. അതുപോലെ പ്രവർത്തനങ്ങൾ കുറച്ചുകൂടി കേന്ദ്രീകൃതമാകുകയും ചെയ്യും.