'ഐ ആം ഗെയിം'പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Malayalam

'ഐ ആം ഗെയിം' റിലീസ് മാറ്റി,സെപ്റ്റംബർ മൂന്നിന് തിയേറ്ററുകളിൽ

പപ്പപ്പ റിപ്പോര്‍ട്ടര്‍

ദുൽഖർ സൽമാൻ നായകനാകുന്ന 'ഐ ആം ഗെയിം' എന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രത്തിന്‍റെ റിലീസ് മാറ്റിവെച്ചു. മുമ്പ് ഓഗസ്റ്റ് 20-ന് തിയേറ്ററുകളിലെത്തിക്കാൻ നിശ്ചയിച്ചിരുന്ന ചിത്രം സെപ്റ്റംബർ മൂന്നിനായിരിക്കും റിലീസ് ചെയ്യുക. റിലീസ് തീയതി രണ്ടു ആഴ്ചത്തേക്ക് നീട്ടിയ വിവരം ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി അറിയിച്ചു.

കൂടുതൽ ഭാഷകളിൽ വലിയ രീതിയിൽ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് റിലീസ് നീട്ടിയതെന്നാണ് നിർമാതാക്കളുടെ വിശദീകരണം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി ഒരേസമയം റിലീസ് ചെയ്യും. ആരാധകർക്കുണ്ടായ കാലതാമസത്തിൽ ഖേദം പ്രകടിപ്പിച്ച അണിയറപ്രവർത്തകർ, ചിത്രത്തിന് അർഹമായ വലിയ ക്യാൻവാസും തിയേറ്റർ അനുഭവവും നൽകാനാണ് ഈ തീരുമാനമെന്നു വ്യക്തമാക്കി.

'ഐ ആം ഗെയിം'റിലീസ് മാറ്റിക്കൊണ്ടുള്ള അറിയിപ്പ്

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡാൻ ജോൺ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. ഭാഗ്യത്തേക്കാൾ ഉപരി ഗെയിമുകളിലെ അൽഗോരിതങ്ങളിൽ വിശ്വസിക്കുന്ന, ചൂതാട്ട ലോകത്ത് മുഴുകിയ വ്യക്തിയാണ് ഈ കഥാപാത്രം. 2023-ൽ പുറത്തിറങ്ങിയ 'കിങ് ഓഫ് കൊത്ത'യ്ക്ക് ശേഷം ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

'ഐ ആം ഗെയിം'പോസ്റ്റർ

റിലീസ് മാറ്റിവെച്ചതോടെ ഇത്തവണത്തെ ഓണം റിലീസ് മത്സരത്തിൽ നിന്ന് 'ഐ ആം ഗെയിം' പുറത്തായി. പൃഥ്വിരാജ് സുകുമാരന്‍റെ 'ഖലീഫ', നിവിൻ പോളി-മമിത ബൈജു കോമ്പോയുടെ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തുടങ്ങിയ ചിത്രങ്ങളാണ് നിലവിൽ ഓണം റിലീസായി തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്.