'നായാട്ട്', 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' എന്നീ ചിത്രങ്ങള്‍ക്കുശേഷം കുഞ്ചാക്കോ ബോബനും മാര്‍ട്ടിന്‍ പ്രക്കാട്ടും വീണ്ടും ഒന്നിക്കുന്നു. നവാഗതനായ വിഷ്ണു രവികുമാര്‍ സംവിധാനം ചെയ്യുന്ന 'ഹെയില്‍ മേരി'യുടെ ചിത്രീകരണത്തിനു തുടക്കമായി. പ്രഖ്യാപന നിമിഷം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ചിത്രത്തിന്റെ ലോഞ്ചിങ് വാര്‍ത്ത അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തുവിട്ടു.
എഴുത്തുകാരന്‍ ജി.ആര്‍. ഇന്ദുഗോപന്റെ വേറിട്ടൊരു കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 'എബിസിഡി', 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്' എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ ഡോ. നീരജ് രാജനും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ രചന.
വന്‍ താരനിരയാണ് 'ഹെയില്‍ മേരി'ക്കായി അണിനിരക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം സുരാജ് വെഞ്ഞാറമൂട്, അനു സിതാര, ജഗദീഷ്, വിനയ് ഫോര്‍ട്ട്, സുഹാസിനി മണിരത്‌നം, ഹക്കീം ഷാ, കാവ്യ രാമചന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരുപോലെ ശ്രദ്ധേയരായവർ ചിത്രത്തില്‍ കൈകോര്‍ക്കുന്നു. റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍, ജേക്‌സ് ബിജോയ് സംഗീതവിഭാഗം കൈകാര്യം ചെയ്യുന്നു. ചമന്‍ ചാക്കോയാണ് ചിത്രസംയോജനം.
കിരണ്‍ ദാസിന്റെ 'ഉന്മാദ'ത്തിനുശേഷം കുഞ്ചാക്കോ ബോബന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലാകും 'ഹെയില്‍ മേരി' എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇതിനുപുറമേ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കുന്ന 'നേരെ ചൊവ്വെ', ജിത്തു മാധവന്റെ പങ്കാളി ഷിഫിന ബാബിന്‍ പക്കീറിന്റെ '40 ഡേയ്സ് ഓഫ് ഹൗസ് പാര്‍ട്ടി' തുടങ്ങി വേറിട്ട നിരവധി പ്രോജക്ടുകളാണ് ചാക്കോച്ചന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.