കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന 'ഹെയില്‍ മേരി', സന്ദീപ് പ്രദീപ് പ്രധാന വേഷത്തിലെത്തുന്ന 'കോസ്മിക് സാംസണ്‍' എന്നീ ചിത്രങ്ങൾ ഇന്നും നാളെയുമായി റിലീസാകും. ചിത്രങ്ങളുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ, ടിക്കറ്റ് ന്യൂ തുടങ്ങിയ ഓണ്‍ലൈന്‍ ടിക്കറ്റിങ് പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകര്‍ക്ക് ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.
നവാഗതനായ വിഷ്ണു രവികുമാര്‍ സംവിധാനം ചെയ്യുന്ന 'ഹെയില്‍ മേരി' നവംബര്‍ 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജി.ആര്‍. ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ഡോ. നീരജ് രാജനും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
'ഹെയില്‍ മേരി'യില്‍ കുഞ്ചാക്കോ ബോബനൊപ്പം സുരാജ് വെഞ്ഞാറമൂട്, അനു സിത്താര, ജഗദീഷ്, വിനയ് ഫോര്‍ട്ട്, സുഹാസിനി മണിരത്‌നം, ഹക്കിം ഷാ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ 'മാരിവില്‍ ചിറകേ' എന്ന ഗാനം നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് അവതരിപ്പിക്കുന്ന 'കോസ്മിക് സാംസണ്‍' നവംബര്‍ 27-ന് തിയേറ്ററുകളില്‍ എത്തും. 'ജോണ്‍ ലൂഥര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന ഫാമിലി ഫാന്റസി ഡ്രാമ നിര്‍മിച്ചിരിക്കുന്നത് സോഫിയ പോളും മാനുവല്‍ ക്രൂസ് ഡാര്‍വിനും ചേര്‍ന്ന് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്, ഡി ഗ്രൂപ്പ് എന്നീ ബാനറുകളിലാണ്.
സിനിമാക്കാരനാകാൻ ആഗ്രഹിക്കുന്ന സാംസണ്‍ ജോസഫ് എന്ന യുവാവിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവവും തുടര്‍ന്നുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് നേരത്തെ പുറത്തുവന്ന ട്രെയിലര്‍ സൂചന നല്‍കുന്നു. ഫാന്റസി, ആക്ഷന്‍, മിസ്റ്ററി എന്നിവ ഇഴചേരുന്ന ഫാമിലി ഡ്രാമയാണ് ചിത്രം. 'മിന്നല്‍ മുരളി' പോലെയുള്ള അമിത സൂപ്പര്‍ഹീറോ ഘടകങ്ങള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കരുതെന്നും, സൂപ്പര്‍ഹീറോ സ്വഭാവമില്ലാത്ത ഫാന്റസി ഫാമിലി ഡ്രാമയാണ് ഇതെന്നും സന്ദീപ് പ്രദീപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
'പടക്കളം', 'എക്കോ' എന്നിവയ്ക്ക് ശേഷം സന്ദീപ് പ്രദീപ് നായകനാകുന്ന 'കോസ്മിക് സാംസണി'ല്‍ മുകേഷ്, മിയ ജോര്‍ജ്, അല്‍ത്താഫ് സലിം, അല്‍ഫോന്‍സ് പുത്രന്‍, അനുരാജ് ഒ.ബി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാന്‍-ഇന്ത്യന്‍ റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.