ബിച്ചു തിരുമല,മധു ഫോട്ടോ-അറേഞ്ച്ഡ്
Malayalam

പ്രഥമ ബിച്ചുതിരുമല പുരസ്കാരം മധുവിന്

പപ്പപ്പ റിപ്പോര്‍ട്ടര്‍

ബിച്ചു തിരുമലയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ ബിച്ചു തിരുമല പുരസ്കാരം ചലച്ചിത്ര നടൻ മധുവിന്. 1,00001 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത ഉപഹാരവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. ഡോ.ജോർജ് ഓണക്കൂർ, ബാലു കിരിയത്ത്, ഡോ. എം.ആർ തമ്പാൻ എന്നിവരടങ്ങുന്ന ജൂറിയാണ് മധുവിനെ അവാർഡിനായി തിരഞ്ഞെടുത്തത്.

ബിച്ചു തിരുമലയുടെ അഞ്ചാം ചരമവാർഷിക ദിനമായ നവംബർ 26-ന് തിരുവനന്തപുരം സെനറ്റ് ഹാളിൽ, മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ദേശീയ ബാലതരംഗത്തിൻ്റെ 'രാകേന്ദു കിരണങ്ങൾ' എന്ന സ്‌മൃതി സായാഹ്ന പരിപാടിയിൽപുരസ്കാരം സമർപ്പിക്കും. മന്ത്രിമാരായ കെ.മുരളീധരൻ, പി.സി വിഷ്ണുനാഥ്, സി.പി ജോൺ തുടങ്ങിയവരും സാമൂഹിക, സാംസ്കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖരും പങ്കെടുക്കും. ദേശീയ ബാലതരംഗം സാംസ്കാരിക വകുപ്പിൻ്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

അനുസ്മരണ സമ്മേളനത്തെ തുടർന്ന് ബിച്ചു തിരുമലയുടെ തെരഞ്ഞെടുത്ത ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കി റിഗാറ്റ ഗിരിജ നേതൃത്വം നൽകുന്ന നൃത്താവിഷ്‌ക്കാരവും മധു ബാലകൃഷ്ണൻ, കൃഷ്ണചന്ദ്രൻ, കല്ലറ ഗോപൻ, രാകേഷ് ബ്രഹ്മാനന്ദൻ, പന്തളം ബാലൻ, അഖില ആനന്ദ്, പ്രീത, ലക്ഷ്മി രംഗൻ, അപർണ്ണ രാജീവ്, വൃന്ദ മേനോൻ, അൽക്ക അഷ്കർ തുടങ്ങിയ പ്രമുഖ പിന്നണി ഗായകർ നയിക്കുന്ന ഗാനാഞ്ജലിയും ഉണ്ടായിരിക്കും.

പ്രഥമ ബിച്ചു തിരുമല പുരസ്കാര ജേതാവിനെ, തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ ദേശീയ ബാലതരംഗം ചെയർമാൻ അഡ്വ. ടി.ശരത്ചന്ദ്രപ്രസാദ് പ്രഖ്യാപിക്കുന്നു

മന്ത്രി കെ.മുരളീധരൻ ചെയർമാനായും ദേശീയ ബാലതരംഗം ചെയർമാൻ അഡ്വ. ടി.ശരത്ചന്ദ്രപ്രസാദ് ജനറൽ കൺവീനറും ചലച്ചിത്ര സംവിധായകൻ ടി എസ് സുരേഷ് ബാബു പ്രോഗ്രാം ഡയറക്ടറും കല്ലിയൂർ ശശി പ്രോഗ്രാം കോ- ഓർഡിനേറ്ററും രാകേഷ് ബ്രഹ്മാനന്ദൻ മ്യൂസിക് കോ-ഓർഡിനേറ്ററും അജയ് തുണ്ടത്തിൽ പിആർഒയും ആയി 'രാകേന്ദു കിരണങ്ങൾ' സ്വാഗതസംഘം രൂപവത്കരിച്ചു.

400-ൽ പരം ചലച്ചിത്രങ്ങൾക്കായി അയ്യായിരത്തിലധികം ഗാനങ്ങൾ രചിച്ച ബിച്ചു തിരുമലയുടെ ആദ്യ റിലീസ് ചിത്രം 'അക്കൽദാമ' ആയിരുന്നു. എ.ടി. ഉമ്മറിന്റെ സംഗീതത്തിൽ ബ്രഹ്മാനന്ദൻ ആലപിച്ച 'നീലാകാശവും മേഘങ്ങളും...' എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനാകുന്നത്. 'സത്യം' എന്ന ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ച അദ്ദേഹം 'ശക്തി', 'ഇഷ്ടപ്രാണേശ്വരി' തുടങ്ങിയ ചിത്രങ്ങളുടെ കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്.

ബിച്ചു തിരുമല

വിദ്യാർത്ഥിയായിരിക്കുമ്പോൾ 'വല്ലാത്ത ദുനിയാവ്' എന്ന നാടകത്തിന് പാട്ടെഴുതി സംവിധാനം ചെയ്തതിന് കേന്ദ്ര ഗവൺമെന്റ് അവാർഡ് ലഭിച്ചു. നിരവധി നാടകഗാനങ്ങളും ആകാശവാണിക്ക് വേണ്ടി ധാരാളം ലളിതഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 'അനുസരണയില്ലാത്ത മനസ്സ്', 'പുണ്യാഹം' (കവിതാ സമാഹാരം), 'കാലത്തിന്റെ കണക്കുപുസ്തകം' തുടങ്ങിയവ പ്രധാന കൃതികളാണ്. ദേശീയ ബാലതരംഗം രക്ഷാധികാരിയുമായിരുന്നു.