സിനിമയില്‍ നിന്ന് വിരമിച്ച ശേഷം സ്‌പെയിനിലെ ബാഴ്സലോണയില്‍ ഊബര്‍ ഡ്രൈവറാകാന്‍ ആഗ്രഹിക്കുന്നുവെന്ന തന്റെ മുന്‍ പ്രസ്താവനയില്‍ വ്യക്തത വരുത്തി നടന്‍ ഫഹദ് ഫാസില്‍. 2020-ല്‍ നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു ഫഹദിന്റെ പരാമര്‍ശം. എന്നാല്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍, അന്ന് താന്‍ ഉപയോഗിച്ച വാക്ക് തെറ്റായിരുന്നുവെന്ന് ഫഹദ് വ്യക്തമാക്കുകയായിരുന്നു.
'ഊബര്‍ ഡ്രൈവര്‍ എന്നല്ല താന്‍ ഉദ്ദേശിച്ചത്. ആളുകളെ ഒരു സ്ഥലത്തുനിന്ന് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന യാത്രകളെക്കുറിച്ചാണ് പറഞ്ഞത്. മറ്റൊരാളെ അവരുടെ ലക്ഷ്യസ്ഥാനത്ത് സന്തോഷത്തോടെ എത്തിക്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷമാണ് താന്‍ ആഗ്രഹിച്ചത്. അത് ഊബര്‍ ഡ്രൈവിങ് ആയിരുന്നില്ല' - ഫഹദ് പറഞ്ഞു.
ഇത്തരം ചിന്തകള്‍ കൂട്ടുകാരുമായി പങ്കുവെക്കാറുണ്ടെന്നും, ഏതു സമയത്തായാലും അടുത്ത ബന്ധുക്കളെയോ സുഹൃത്തുക്കളെയോ എയര്‍പോര്‍ട്ടില്‍ പോയി കൂട്ടിക്കൊണ്ടുവരാനും തിരികെ കൊണ്ടുവിടാനും തനിക്ക് വലിയ സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം 'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' ആണ് ഫഹദിന്റെ പുതിയ സിനിമ. ചിത്രത്തില്‍ ഒരു സ്ട്രീറ്റ് മജീഷ്യന്റെ വേഷത്തിലാണ് ഫഹദ് എത്തുന്നത്.