

അഥർവ നായകനായ പുതിയ ചിത്രം ഇദയം മുരളിയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് രസകരമായ വെളിപ്പെടുത്തലുമായി സംവിധായകൻ ആകാശ് ഭാസ്കരൻ. ഫഹദ് ചെയ്ത് തരംഗമാക്കിയ ഈ വേഷത്തിലേക്ക് ആദ്യം സമീപിച്ചത് തമിഴിലെ പ്രമുഖ നടനും സംവിധായകനുമായ എസ്.ജെ. സൂര്യയെ ആയിരുന്നുവെന്നും, എന്നാൽ അദ്ദേഹം ഈ അവസരം നിരസിക്കുകയായിരുന്നുവെന്നുമാണ് ആകാശ് വ്യക്തമാക്കിയത്. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം അണിയറക്കാര്യങ്ങൾ പങ്കുവച്ചത്.
തിരക്കഥ എഴുതുമ്പോൾ തന്നെ എസ്.ജെ. സൂര്യയെ മനസിൽ കണ്ടാണ് ഈ കഥാപാത്രത്തെ രൂപപ്പെടുത്തിയതെന്ന് ആകാശ് ഭാസ്കരൻ പറയുന്നു. സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് 'സൂര്യ' എന്ന് പേരിട്ടതും ഇതുകൊണ്ടാണ്.
എന്നാൽ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചപ്പോൾ, ഇതൊരു ചെറിയ അതിഥി വേഷം മാത്രമായിരിക്കുമെന്ന് കരുതി എസ്.ജെ. സൂര്യ ഓഫർ നിരസിക്കുകയായിരുന്നു. ഷൂട്ടിങ് ആരംഭിച്ചതോടെ പിന്നീട് അദ്ദേഹത്തെ സമീപിക്കുന്നത് ഒഴിവാക്കുകയായിരുന്നുവെന്നും സംവിധായകൻ പറഞ്ഞു.
ചിത്രത്തിന്‍റെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയാകാറായിട്ടും ഈ കഥാപാത്രം ചെയ്യാൻ അനുയോജ്യനായ മറ്റൊരാളെ കണ്ടെത്താൻ അണിയറപ്രവർത്തകർക്ക് സാധിച്ചില്ല. തുടർന്നാണ് ആകാശ് ഭാസ്കരൻ ഫഹദ് ഫാസിലിനെ ബന്ധപ്പെടുന്നത്. 'മാമന്നൻ' സിനിമയ്ക്ക് ശേഷം ഫഹദുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ആകാശ്, ഫഹദിന് സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നു.
കഥാപാത്രമില്ലാത്ത സിനിമയുടെ ഒരു റഫ് കട്ടും ട്രെയിലറും ഫഹദിന് അയച്ചുകൊടുത്തു. അത് കണ്ടു ഇഷ്ടപ്പെട്ട ഫഹദിനോട് ഈ കഥാപാത്രത്തിന്‍റെ ആശയം വിശദീകരിക്കുകയും ചെയ്തു. കുറെക്കാലമായി തമിഴിൽ ഒരു ഫൺ കഥാപാത്രം ചെയ്യാൻ ആഗ്രഹിച്ചിരുന്ന ഫഹദ്, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ അഭിനയിക്കാമെന്ന് സമ്മതിക്കുകയായിരുന്നു.
മറ്റ് സിനിമകളുടെ തിരക്കുകളിലായിരുന്നതിനാൽ, തന്‍റെ ഒഴിവുസമയങ്ങൾ ക്രമീകരിച്ച് നാല് ഞായറാഴ്ചകൾ കൊണ്ടാണ് ഫഹദ് തന്‍റെ ഭാഗങ്ങളെല്ലാം ചിത്രീകരിച്ചു തീർത്തത്. അഥർവക്കൊപ്പം പ്രീതി മുകുന്ദൻ, കയാദു ലോഹർ, ജോനിത ഗാന്ധി തുടങ്ങിയ വൻ താരനിര അണിനിരന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്.