'കരാട്ടെ ചന്ദ്രൻ' പൂജാചടങ്ങിൽ ഫഹദ് ഫാസിൽ,ശ്യാം പുഷ്കരൻ,ചിത്രത്തിന്റെ സംവിധായകൻ റോയ്,ക്യാമറാമാൻ രാകേഷ് ഹരിദാസ്,ഉണ്ണിമായ പ്രസാദ് എന്നിവർ ഫോട്ടോ-അറേഞ്ച്ഡ്
Malayalam

ഫഹദ് ഇനി 'കരാട്ടെ ചന്ദ്രൻ'; പുതിയ ഹിറ്റൊരുക്കാൻ ഭാവന സ്റ്റുഡിയോസ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഫഹദ് ഫാസില്‍ നായകനാകുന്ന 'കരാട്ടെ ചന്ദ്രന്‍' എന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും ശനിയാഴ്ച കോട്ടയത്ത് നടന്നു. 'മഹേഷിന്റെ പ്രതികാരം' മുതല്‍ ദിലീഷ് പോത്തന്റെ കോ-ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള റോയ് ഈ ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവരുന്നു.

മലയാള സിനിമയില്‍ വലിയ വിജയങ്ങള്‍ സമ്മാനിച്ച ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായ 'ബെത്‌ലഹേം കുടുംബ യൂണിറ്റി'നുശേഷം ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന സിനിമയാണ് 'കരാട്ടെ ചന്ദ്രൻ'. കോട്ടയത്തും പരിസര പ്രദേശങ്ങളിലുമായി ഏകദേശം 140 ദിവസത്തെ ഷൂട്ടിങ്ങാണ് ചിത്രത്തിനായി അണിയറപ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.

'കരാട്ടെ ചന്ദ്രൻ' സ്വിച്ച് ഓൺ ചടങ്ങ്

എസ്.ഹരീഷും വിനോയ് തോമസും ചേര്‍ന്നാണ് 'കരാട്ടെ ചന്ദ്രന്റെ' തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്തരടങ്ങുന്ന സാങ്കേതികനിര തന്നെയാണ് ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. രാകേഷ് ഹരിദാസ് ക്യാമറയും കിരണ്‍ ദാസ് എഡിറ്റിങ്ങും ജസ്റ്റിന്‍ വര്‍ഗീസ് സംഗീതവും നിര്‍വഹിക്കുന്നു.

'കരാട്ടെ ചന്ദ്രൻ' പൂജാചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും

ഫഹദിനൊപ്പം ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. രണ്‍ജി പണിക്കര്‍, വിജയരാഘവന്‍, ജോണി ആന്റണി, സുധീഷ്, ഗോകുല്‍ സുരേഷ്, സുരേഷ് കൃഷ്ണ, മനോഹരി ജോയ്, ജയ കുറുപ്പ്, മഞ്ജുശ്രീ നായര്‍ തുടങ്ങിയ പ്രമുഖരാണ് ചിത്രത്തിലുള്ളത്.

'കരാട്ടെ ചന്ദ്രൻ' പൂജാചടങ്ങിൽ ഉണ്ണിമായ പ്രസാദ് ആദ്യ ക്ലാപ്പ് നൽകുന്നു

ഫഹദിന്റെ കരിയറിലെ മറ്റൊരു ശ്രദ്ധേയമായ പ്രോജക്ടായി മാറാന്‍ ഒരുങ്ങുന്ന 'കരാട്ടെ ചന്ദ്രനായി' വന്‍ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. പ്രഖ്യാപിക്കപ്പെട്ട് ഏറെക്കാലത്തിനുശേഷവും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാത്തതിൽ നിരാശരായിരുന്ന ഫഹദിന്റെ ആരാധകർക്കും ഇത് സന്തോഷവാർത്തയാണ്.