മമ്മൂട്ടിയും ദുൽഖർ സൽമാനും ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Malayalam

ആ മല കീഴടക്കാൻ ആ​ഗ്രഹമുണ്ട്,പക്ഷേ...': മമ്മൂട്ടിയുടെ താരമൂല്യത്തെക്കുറിച്ച് ദുൽഖർ

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഒരു സിനിമ വാണിജ്യപരമായി വിജയിപ്പിക്കാനോ, സുരക്ഷിതമാക്കാനോ തന്റെ താരമൂല്യം മാത്രം മതിയാകുമെന്ന് കരുതുന്നില്ലെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഒരു അഭിമുഖത്തിലാണ് തന്റെ താരശക്തിയെയും സിനിമ തിരഞ്ഞെടുപ്പുകളെയും കുറിച്ച് ദുല്‍ഖര്‍ മനസുതുറന്നത്. നേരത്തെ തന്റെ പുതിയ ചിത്രമായ 'ആകാശംലോ ഒക താര'യുടെ പ്രമോഷന്‍ ചടങ്ങിലും മലയാളത്തില്‍ താന്‍ ചെയ്ത മാസ്-ആക്ഷന്‍ ചിത്രങ്ങള്‍ പ്രതീക്ഷിച്ച അത്ര വിജയം കണ്ടിട്ടില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

തന്നെ ഇന്നും കൊമേഴ്സ്യല്‍ ഹീറോയായി കാണുന്നില്ലെന്ന് ദുല്‍ഖര്‍ തുറന്നുപറഞ്ഞു. വാണിജ്യ ചിത്രങ്ങളെയും ഉള്ളടക്കത്തിന് പ്രാധാന്യമുള്ള സിനിമകളെയും തന്റെ കരിയറില്‍ സന്തുലിതമായി കൊണ്ടുപോയ പിതാവ് മമ്മൂട്ടിയുടേതുപോലെയുള്ള താരത്തിളക്കത്തിലേക്ക് എത്താന്‍ കഴിയുമെന്ന് പൂര്‍ണമായി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ഭയപ്പെടുത്തുന്ന കാര്യമായതുകൊണ്ടുതന്നെ അതിനൊരു ശ്രമം നടത്തുമെന്നും, അത് കീഴടക്കാന്‍ ആഗ്രഹിക്കുന്ന വലിയൊരു മലയായിരിക്കാമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ ചിത്രങ്ങളുടെ റിലീസിന്റെ തലേന്ന് പുറത്തിറക്കിയ പ്രൊമോഷണൽവീഡിയോയിൽ മമ്മൂട്ടിയും ദുൽഖറും

തന്റെ താരമൂല്യത്തിലുള്ള ഈ സംശയങ്ങളാണ് ഉള്ളടക്കത്തിന് പ്രാധാന്യമുള്ള സിനിമകള്‍ കൂടുതലായി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. സല്‍മാന്‍ ഖാന്റെ താരശക്തിയെ 'ബ്രൂട്ട്' എന്നാണ് ആമിര്‍ ഖാന്‍ ഒരിക്കല്‍ വിശേഷിപ്പിച്ചതെന്ന് ദുല്‍ഖര്‍ ഓര്‍മിച്ചു. വലിയ ഓപ്പണിങ്ങും ദീര്‍ഘകാല വിജയവും നേടാന്‍ കഴിയുന്ന അത്തരം ആരാധക പിന്തുണ പതിറ്റാണ്ടുകളുടെ അധ്വാനത്തിലൂടെ അപൂര്‍വമായി മാത്രം ലഭിക്കുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

'ആകാശംലോ ഒക താര' പോസ്റ്റർ

ബജറ്റുള്ള ഏതെങ്കിലും പ്രോജക്ട് ചെയ്യുമ്പോള്‍ നിര്‍മാതാക്കള്‍ക്ക് സാമ്പത്തികമായി സുരക്ഷിതമായിരിക്കണമെന്ന ചിന്ത എപ്പോഴും മനസിലുണ്ടാകുമെന്ന് ദുല്‍ഖര്‍ വ്യക്തമാക്കി. ഒരു സിനിമയെ സാമ്പത്തികമായി വിജയിപ്പിക്കാന്‍ താന്‍ മാത്രം മതിയാകില്ലെന്നും, അതിന് പ്രമേയത്തിന്റെ കരുത്തും സത്യസന്ധതയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.