മലയാളികളുടെ സ്വന്തം ഡിക്യു വീണ്ടും മൈക്കിന് മുന്നില്‍. 'ആര്‍ഡിഎക്‌സ്' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിനുശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ഐ ആം ഗെയിം' എന്ന സിനിമയിലെ രണ്ടാമത്തെ ഗാനത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഗായകനായി തിരിച്ചെത്തുന്നത്. 'ലൂസര്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ഹൈ എനര്‍ജി ട്രാക്ക് റിലീസ് ചെയ്ത നിമിഷം മുതല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.
ജീവിതത്തിലെ തോല്‍വികളെയും പോരാട്ടങ്ങളെയും വേറിട്ട രീതിയില്‍ ആഘോഷമാക്കുന്ന ഒന്നാണ് ഈ ഗാനം. ജേക്‌സ് ബിജോയ് ആണ് സംഗീതം. യുവത്വം ഏറ്റെടുത്ത ട്രാക്കിലെ റാപ്പ് ഭാഗങ്ങള്‍ പാടിയിരിക്കുന്നത് ജനപ്രിയ താരം നീരജ് മാധവും റെബിളും ചേര്‍ന്നാണ്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് പാട്ട് പുറത്തിറങ്ങിയിരിക്കുന്നത്. 'ഭാഷ ഏതായാലും വൈബ് ഒന്നുതന്നെയാണ്' എന്ന കുറിപ്പോടെയാണ് ദുല്‍ഖര്‍ പാട്ട് ആരാധകര്‍ക്കായി പങ്കുവെച്ചത്.
ചിത്രത്തില്‍ 'ഡാന്‍ ജോണ്‍' എന്ന തികച്ചും വ്യത്യസ്തനായ ഒരു കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. കേവലം ഭാഗ്യത്തെ മാത്രം ആശ്രയിക്കാതെ, കൃത്യമായ അല്‍ഗോരിതങ്ങളും കണക്കുകൂട്ടലുകളും ഉപയോഗിച്ച് ചൂതാട്ടത്തിന്റെ ലോകം കീഴടക്കുന്ന ഒരാള്‍. എന്നാല്‍ ആ കണക്കുകൂട്ടലുകള്‍ തെറ്റുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ദുല്‍ഖറിനൊപ്പം ആന്റണി വര്‍ഗീസ്, കയാദു ലോഹര്‍, കതിര്‍, മിഷ്‌കിന്‍, വിനയ് ഫോര്‍ട്ട്, ജയസുധ, ശ്യാമപ്രസാദ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
2013-ല്‍ 'എബിസിഡി' എന്ന ചിത്രത്തിലെ 'ജോണി മോനെ' എന്ന സൂപ്പര്‍ഹിറ്റ് പാട്ടിലൂടെ പിന്നണി ഗാനരംഗത്തേക്ക് ചുവടുവെച്ച ദുല്‍ഖറിന്റെ കരിയറിലെ പതിനൊന്നാമത്തെ ഗാനമാണിത്. 'ചാര്‍ലി'യിലെ 'സുന്ദരി പെണ്ണേ', 'സിഐഎ'യിലെ 'കേരള മണ്ണിലായി' തുടങ്ങിയ മുന്‍കാല ഗാനങ്ങളെപ്പോലെ തന്നെ 'ലൂസറും' ആരാധകര്‍ക്കിടയില്‍ തരംഗമാകുകയാണ്്. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജോം വര്‍ഗീസും ചേര്‍ന്ന് നിര്‍മിക്കുന്ന 'ഐ ആം ഗെയിം' സെപ്റ്റംബര്‍ മൂന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.