ന​സ്‌​ലിനും ദുൽഖർ സൽമാനും ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം
Malayalam

ന​സ്‌​ലി​നോട് ദുൽഖർ: 'ഡാ കൊച്ചു ചെറുക്കാ, പിറന്നാള്‍ ആശംസകള്‍ ചക്കരെ...'

പപ്പപ്പ ഡസ്‌ക്‌

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ന​സ്‌​ലി​ന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍. ഇന്‍സ്റ്റഗ്രാമിലൂടെ ദുല്‍ഖര്‍ പങ്കുവെച്ച ആശംസ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. 'ഡാ കൊച്ചു ചെറുക്കാ, പിറന്നാള്‍ ആശംസകള്‍ ചക്കരെ... മികച്ചൊരു ദിനവും വര്‍ഷവും നേരുന്നു'- ദുല്‍ഖര്‍ കുറിച്ചു.

മുമ്പും ന​സ്‌​ലി​നോടുള്ള തന്റെ സൗഹൃദവും സ്‌നേഹവും ദുല്‍ഖര്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന തെലുങ്ക് പ്രീ-റിലീസ് വേദിയില്‍ ന​സ്‌​ലി​നെക്കുറിച്ച് ദുല്‍ഖര്‍ സംസാരിച്ച കാര്യങ്ങള്‍ ഏറെ വൈറലായിരുന്നു. കൂടാതെ, ടൊവിനോയ്ക്കും ദുല്‍ഖറിനുമൊപ്പമുള്ള ചിത്രം ന​സ്‌​ലി​ൻ പങ്കുവെച്ചപ്പോള്‍ 'എടാ സൂപ്പര്‍സ്റ്റാറെ...' എന്ന ദുല്‍ഖറിന്റെ കമന്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ആ സൗഹൃദം അടിവരയിടുന്നതാണ് പുതിയ പിറന്നാള്‍ ആശംസയും.

ന​സ്‌​ലിനും ദുൽഖർ സൽമാനും

നായകനായി തിയേറ്ററുകളില്‍ തകര്‍ത്തോടിക്കൊണ്ടിരിക്കുന്ന 'മോളിവുഡ് ടൈംസ്' എന്ന ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ് ന​സ്‌​ലി​ന്റെ പിറന്നാള്‍. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ഇതിനോടകം തന്നെ 15 കോടി രൂപ സ്വന്തമാക്കി മുന്നേറുകയാണ്.

ന​സ്‌​ലിന് പിറന്നാൾ ആശംസയറിയിച്ച് ദുൽഖർ സൽമാന്റെ ഇൻസ്റ്റ​ഗ്രാംസ്റ്റോറി

സംവിധായകനാകാന്‍ കൊതിക്കുന്ന വിനീത് മാധവന്‍ എന്ന കഥാപാത്രത്തെയാണ് ന​സ്‌​ലി​ൻ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ഇതെന്ന് പ്രേക്ഷകരും സിനിമാ നിരൂപകരും ഒരുപോലെ അഭിപ്രായപ്പെടുന്നു. ഷറഫുദീന്‍, റോഷന്‍ മാത്യു, സംഗീത് പ്രതാപ്, ജഗദീഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.