Malayalam

ഇതാണ് ലാൽമാജിക്;'ദൃശ്യം 3' നോര്‍ത്ത് അമേരിക്കന്‍ വിതരണാവകാശം വിറ്റത് 10 കോടിക്ക്

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാള സിനിമയുടെ ആഗോള വിപണിയില്‍ പുതിയ ചരിത്രം കുറിച്ച് മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ 'ദൃശ്യം 3'. സിനിമയുടെ നോര്‍ത്ത് അമേരിക്കന്‍ വിതരണാവകാശം റെക്കോഡ് തുകയായ 10 കോടി രൂപയ്ക്കാണു കരാറായത്. റിലീസിനു മുമ്പുതന്നെ വിദേശ വിപണിയില്‍ ഇത്രയും വലിയ തുക നേടുന്ന ആദ്യ മലയാള ചിത്രമായി ഇതോടെ ദൃശ്യം 3 മാറി.

മോഹൻലാൽ അവതരിപ്പിക്കുന്ന ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ പറയുന്ന മൂന്നാം ഭാഗത്തിനായി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മുന്‍ ഭാഗങ്ങളുടെ വമ്പന്‍ വിജയവും അന്താരാഷ്ട്ര തലത്തിലുള്ള സ്വീകാര്യതയുമാണ് ഈ റെക്കോര്‍ഡ് തുകയ്ക്കു പിന്നിലെ രഹസ്യം. മലയാള സിനിമയുടെ വിദേശ വിതരണാവകാശത്തില്‍ ഇതുവരെയുള്ള എല്ലാ റെക്കോഡുകളും മറികടന്നാണ് ദൃശ്യം 3-യുടെ മുന്നേറ്റം. മാത്രമല്ല, നോര്‍ത്ത് അമേരിക്കയില്‍ മാത്രം 10 കോടി രൂപ നേടാനായത് സിനിമയുടെ ആഗോള മാര്‍ക്കറ്റ് വാല്യൂ വര്‍ധിപ്പിക്കുകയും ചെയ്തു.

'ദൃശ്യം-3' പോസ്റ്റർ

ജീത്തു ജോസഫിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രം ജോര്‍ജുകുട്ടിയുടെ കഥയ്ക്ക് പൂര്‍ണവിരാമം നല്‍കുമെന്നാണ് ആസ്വാദകരുടെ പ്രതീക്ഷ. അത്തരത്തിലുള്ള ചില സൂചനകള്‍ താരങ്ങളും അണിയറക്കാരും പുറത്തുവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ആഗോള ബിസിനസ് മലയാള സിനിമയുടെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിദേശ രാജ്യങ്ങളിലെ വിതരണാവകാശവും റെക്കോഡ് തുകയ്ക്ക് വിറ്റുപോയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.