
അവതാരകൻ:ആദ്യ ചിത്രത്തിൽ തന്നെ പ്രതിഭയുടെ പച്ചവെളിച്ചം കാഴ്ചവെച്ച പ്രത്യേകതകൾ ധാരാളമുള്ള ഒരതിഥിയാണ് ഇന്ന് 'തീർച്ചയായും ടി.വി'യുടെ 'താരത്തിളക്കം' പരിപാടിയിൽ പങ്കെടുക്കാനെത്തിയിരിക്കുന്നത്. സ്വാഗതം മിസ് കല്പമിത്ര.
കല്പമിത്ര: നമസ്കാരം ബ്രോ.
ചോ: പ്രേക്ഷകർ കാത്തു കാത്തിരുന്ന ഒരു ചിത്രത്തിൽ ഇൻട്രോ സീനുകളിൽ തന്നെ പ്രത്യക്ഷപ്പെട്ട് മൊത്തം സിനിമയെ തന്നെ ഹൈജാക്ക് ചെയ്യുന്ന പ്രകടനം കാഴ്ചവെക്കുക. ഏതൊരു പുതുമുഖവും കൊതിക്കുന്ന നേട്ടം.എന്താണ് പ്രക്ഷകരോട് ആദ്യമായി പറയാനുള്ളത്?
ഉ: ഒഹ്, ഐ ആം റിയലി എക്സൈറ്റഡ് ഫസ്റ്റ് ഓഫ് ആൾ ഒരു ബിങ്ക് താങ്സ് ടു ലാലേട്ടൻ, ജിത്തു സാർ. മീനേച്ചി, എൻ്റെ പ്രിയപ്പെട്ട പ്രേക്ഷകർ എങ്ങിനയാ നന്ദി പറയേണ്ടേന്ന് അറിയില്ല. വെൻ തിങ്ക് ഓഫ് ദാറ്റ് ലൊക്കേഷൻ, ഐ സ്റ്റിൽ ഫീൽ ഗുസ്ബംപ്സ്, റിയലി ഓസം.
ചോ: എങ്ങനയായിരുന്നു സിനിമയിലേക്കുള്ള വരവ്?
ഉ:ആക്ച്വലി സിനിമ എൻ്റെ അംബിഷൻ ആയിരുന്നില്ല, എൻ്റെ മാത്രമല്ല ഞങ്ങളുടെ കുലയിൽ പെട്ട ആരും അങ്ങനെ ഒരു കരിയർ ചൂസ് ചെയ്തിട്ടില്ല. ഒന്നുകിൽ ഡാഡയുടെ ഫാമിലിയിൽ പെട്ട റിലേറ്റീവ്സ് ചെയ്യുന്ന പോലെ അവിയലോ,ചമ്മന്തിയോ ഒക്കെയായി ഒരു പ്രൊഫഷണൽ ജീവിതം. അല്ലങ്കിൽ മമ്മയുടെ റിലേറ്റ്വ്സ് എബ്രോഡ് ഓയിൽ കമ്പനികളിൽ ചെയ്യുന്ന പോലെ റിഫൈൻഡ് ആയ മറ്റെന്തങ്കിലും കരിയർ.
ചോ: അതായത് ഇളംകാറ്റിൽ കുലകൾ ആടിയപ്പോൾ പോലും ഒരു സിനിമ സങ്കൽപ്പം മിത്രയുടെ മനസ്സിൽ വന്നിരുന്നില്ല എന്നാണോ?
ഉ: അങ്ങനെയല്ല,എന്തങ്കിലും വ്യത്യസ്തമായി ചെയ്യണം എന്നെനിക്ക് ഒരാഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അത് സിനിമയാണന്ന് ഐ നെവർ തോട്ട്. വളരെ കൺസർവേറ്റിവായ ഒരു അരിസ്ട്രാക്രാറ്റിക്ക് തോട്ടത്തിലാ ഞാൻ ജനിച്ചതും വളർന്നതും. യു മേനോട്ട് ബിലീവ് ഇന്നുവരെ ഞങ്ങടെ തോട്ടത്തിലെ കേര ബന്ധുക്കൾ മിക്സി പോലും കണ്ടിട്ടില്ല, വീ ആൾവേയ്സ് ഗോ ഫോർ അരകല്ല് ആൻഡ് ഉരൽ ലൈഫ്. മൈ സിസ് കേരശ്രീ, അവൾക്കൊരു ഇളനീർ ലൈഫ് വേണമെന്ന് വാശി ആയിരുന്നു. പക്ഷെ അപ്പോഴും ഞാനങ്ങനെ ഫോക്കസ്ഡ് ആയിരുന്നില്ല. ലാലേട്ടൻ പറയുന്ന പോലെ എല്ലാം സംഭവിക്കട്ടെ എന്നതായിരുന്നു എൻ്റെ ഒരു വേ ഓഫ് തിങ്കിങ്ങ്. ഹ ഹ ഹ...ആക്ച്വലി ഇറ്റ് ഹെൽപ്ഡ് എ ലോട്ട്, ടു സിങ്ക് വിത്ത് ഹിം, ഐ ഫീൽ വീ ഹാഡ് എ സെയിം വേവ് ലങ്ത്.
ചോ: മിത്ര ആദ്യമായിട്ടാണല്ലോ സിനിമയിൽ അഭിനയിക്കുന്നത്. അതും ഇത്രയും പ്രമുഖകർക്കൊപ്പം. കാണികൾ ടിപ്പറുമായി വന്ന് പ്രതീക്ഷകളുടെ അമിത ഭാരം അൺലോഡ് ചെയ്യുന്ന ഒരു സ്വീക്വൻസ് മൂവിയിൽ എന്തായിരുന്നു ഷൂട്ടിങ്ങ് എക്സ്പീരിയൻസ്?
ഉ: റിയലി ത്രിലിങ്ങ്. സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണെന്ന് ജിത്തു സാർ പറഞ്ഞപ്പോൾ ഞാൻ ഇത്രയൊന്നും വിചാരിച്ചിരുന്നില്ല. സത്യം പറഞ്ഞാൽ അഭിനയിച്ചപ്പോഴും തോന്നിയിരുന്നില്ല. എന്നാൽ എൻ്റെ കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്ത രീതി കണ്ടപ്പോഴാണ് ഇത്രയേറെ ആഴം ഉള്ളതായിരുന്നു ആ ഒരു കഥാപാത്രം എന്ന് എനിക്ക് ബോധ്യപ്പെട്ടത്. ഇത്രയും ഡെപ്ത്തുള്ള ഒരു കഥാപാത്രത്തെ പുതുമുഖമായ എൻ്റെ കൈകളിൽ വിശ്വസിച്ച് ഏല്പിച്ച സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
ചോ: സത്യത്തിൽ മിത്രയുമായി ഒരുമിച്ച് അഭിനയിച്ചവരുടെ ആ ഒരു കോമ്പിനേഷനാണ് ഇത്രയും മനോഹരമാക്കിയത്?
ഉ: തീർച്ചയായും ഞാനത് പറയാൻ തുടങ്ങുകയായിരുന്നു. മീനേച്ചിക്കാണ് അതിൻ്റെ മുഴുവൻ ക്രഡിറ്റും. അക്ച്വലി അത്രയും ലെങ്തി ഷോട്ടുകൾ സിനിമയിൽ സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല. ഞാൻ ഒരു പുതുമുഖം ആണെന്ന പരിലാളനയോടെ, ആദ്യമായി തേങ്ങ കയ്യിലെടുക്കുന്ന സൂക്ഷ്മതയോടെയാണ് മീനേച്ചി അതിൽ അഭിനയിച്ചത്. തൊണ്ട് വലിച്ച് മാറ്റുന്നതൊക്കെ ഒരു കുഞ്ഞിനെ കൊഞ്ചിക്കുന്നതുപോലെ അങ്ങേയറ്റം സ്നിഗ്ദ്ധതയോടെ ആയിരുന്നു. ഞാൻ നേരത്തെ പറഞ്ഞല്ലോ സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ട്രഡീഷണൽ ഫാമിലിയാണ് ഞങ്ങളുടേത്. അമ്മൂമ്മമാരുടെയും ആൻ്റിമാരുടെയും 'അമ്മി'ക്കഥകളിൽ പോലും ഇങ്ങനെ ഒരു സിറ്റ്വേഷൻ പറഞ്ഞു കേട്ടിട്ടില്ല. സോ വളരെ ടെൻസ്ഡാരുന്നു. ലൊക്കേഷനിൽ ചെല്ലുമ്പോൾ. ബട്ട് മീനേച്ചി വാസ് ടൂ കെയറിങ്ങ്. എന്നെ ആദ്യമായി കാണുന്ന പോലെ ഒരു കൗതുകവും സ്നേഹവും ആ കണ്ണിൽ ഉണ്ടായിരുന്നു. അതോടെ ഞാൻ ഒത്തിരി റിലാക്സ്ഡായി.
ചോ: ലൊക്കേഷൻ അനുഭവം പുതുമയുള്ളതാണല്ലോ, കാണുന്നതെല്ലാം പുതിയ കാഴ്ചകൾ, സെറ്റിൽ രസകരമായ ഓർത്തുവെക്കുന്ന അനുഭവങ്ങൾ ഉണ്ടായോ?
ഉ:യെസ്,യെസ്, കൊറേ,കൊറേ.. ലൊക്കേഷനൊക്കെ ഭയങ്കര ഫ്രണ്ട്ലി ആയിരുന്നു, വീ ആൾ വേർ ലൈക്കേ ഫാമിലി. സെറ്റിലെ ചേട്ടന്മാരൊക്കെ എൻ്റെ ചില കസിൻസുമായി ഗ്ലാസ് മേറ്റ്സ് ആയിരുന്നു. ആ വിശേഷം ഒക്കെ അവിടെ ചെന്ന് കഴിഞ്ഞാ ഞാൻ അറിഞ്ഞത്, കുറേ ബക്കാഡി കഥകളൊക്കെ പറഞ്ഞു. ആക്ച്വലി ഐ റിയലി മിസ് ദോസ് ഡെയ്സ്. പിന്നെ ഓർത്തിരിക്കുന്ന ഒരു സംഭവം ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട ഒന്നാണ്. ലാലേട്ടനും, മീനേച്ചിയും, പാരയും പിന്നെ കുറച്ച് കേര ഫാമിലി ആർട്ടിസ്റ്റുമുണ്ട്. ഞാൻ ആദ്യമായി പാരയെ കാണുന്ന സീൻ ആണെന്നും അതുകൊണ്ട് എൻ്റെ മുഖത്ത് കൗതുകവും ഒപ്പം അമ്പരപ്പും കലർന്ന ഭാവം വേണമെന്നും സാർ പറഞ്ഞു. ആക്ഷൻ പറഞ്ഞു തുടങ്ങി കഴിഞ്ഞാൽ പിന്നെ ലാലേട്ടൻ ജീവിക്കുകയാണ്. ഞാൻ അത് നോക്കി നിന്ന് എൻ്റെ ഭാവം മറന്നുപോയി. പിന്നെ അത് ഇവർ തമ്മിൽ ഒരു ചെറിയ വഴക്ക് ഉണ്ടാക്കുന്ന സീനാണ്. മീനേച്ചി ഡയലോഗ് പറഞ്ഞു തുടങ്ങുമ്പോൾ എനിക്ക് ചിരി വരും. ഞാൻ ചിരിക്കുമ്പോൾ സാർ കട്ട് പറയും. ഒരു പാട് ടേക്ക് എടുത്തു. പക്ഷേ അപ്പോഴൊക്കെ ലാലേട്ടൻ ഒത്തിരി ക്ഷമയോടെ കൂടെ നിന്നു. ഇനി ചിരിച്ചാൽ നിന്നെ പിടിച്ച് ചമ്മന്തി അരയ്ക്കാൻ കൊടുക്കും എന്ന് ലാലേട്ടൻ പറഞ്ഞത് ഇപ്പോഴും എൻ്റെ ചെവിയിലുണ്ട്. എന്നാലും ചില ഷോട്സിൽ ക്ലോസപ്പിൽ നോക്കിയാൽ എൻ്റെ മുഖത്ത് കോണിൽ ഒരു പതിഞ്ഞ ചിരി കാണാം.
ചോ: നമ്മൾ അവസാനിപ്പിക്കുന്നതിനു മുമ്പ് ഒരു പ്രധാന കാര്യം ചോദിച്ചില്ല എങ്ങനെയാണ് സിനിമയിലേക്ക് വന്നത്.
ഉ:അത് ഞാൻ പറഞ്ഞല്ലോ ക്വയറ്റ് ആക്സിഡൻ്റൽ. ജിത്തു സാറിൻ്റെ ഒരു ഫ്രണ്ടായിരുന്നു പ്ലാൻ്റർ തോമസ് ജേക്കബ്. തോമസ് സാറിൻ്റെ തോട്ടക്കാരനായിരുന്നു വർക്കിച്ചനങ്കിൾ. ഇങ്ങനെയൊരു സീനിലേക്ക് പറ്റിയ ഒരു തേങ്ങാക്കുട്ടിയെ വേണമെന്ന് ജീത്തു സാർ പറയുന്നത് തോമസ് സാറിൻ്റെ വീട്ടിലുണ്ടായിരുന്ന വർക്കിച്ചനങ്കിൾ കേട്ടു. ഞാനീ ഇളംകാറ്റ് വരുമ്പോൾ ആടുകയും പാടുകയും ചെയ്യുന്നത് വർക്കിച്ചനങ്കിൾ കണ്ടിരുന്നു. അങ്ങനെ വർക്കിച്ചനങ്കിളാണ് എന്നെ ജീത്തു സാറിന് പരിചയപ്പെടുത്തിയത്. അതു പറഞ്ഞപ്പോഴാ..ഒരു കാര്യം പറയാൻ വിട്ടുപോയി. ഞാൻ അഭിനയിച്ച സിനീൻ്റെ അവസാനം എന്നെ മീനേച്ചി എടുത്തു നിലത്ത് എറിയുന്നുണ്ട്. ലാലേട്ടൻ്റെ കാലിൽ വീണാൽ വീണോട്ടെ എന്ന ഭാവത്തിലാണ്
എന്നെ എറിയുന്നത്. എനിക്കത് വല്ലാത്ത വിഷമമായി. അഭിനയം ആണെങ്കിലും അങ്ങനെ തന്നെ പോയി ഇടിക്കുക എന്നൊക്കെ പറഞ്ഞാൽ... പക്ഷേ അതിൻ്റെ ഒരു ബുദ്ധിമുട്ടും ലാലേട്ടൻ കാണിച്ചില്ല. അങ്ങനെ വലിയ ഒരനുഭവമായിരുന്നു ഷൂട്ടിംഗ്. ഇപ്പോൾ സിനിമയേയും ഒപ്പം എൻ്റെ കഥാപാത്രത്തെയും മലയാളികൾ സ്വീകരിച്ചു എന്നറിഞ്ഞപ്പോൾ അതിലേറെ സന്തോഷം.
അവതാരകൻ:എന്തായാലും തീർച്ചയായും ടിവിയുമായി ഇത്രനേരം സഹകരിച്ച കല്പ മിത്രയ്ക്ക് ഇനിയും വ്യത്യസ്ത വേഷങ്ങൾ ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു. നന്ദി നമസ്കാരം
(ഭാവയാമി എന്ന പേരിലുള്ള ഫേസ്ബുക്ക് പ്രൊഫൈലിൽ ശ്രീജിത് പങ്കുവച്ചതാണ് ഈ കുറിപ്പ്.)