തന്റെ കുടുംബത്തെ രക്ഷിക്കാന്‍, ഒരു നാട്ടുമ്പുറത്തുകാരന്‍ തീര്‍ത്ത പ്രതിരോധത്തിന്റെ കഥ മലയാളികള്‍ കണ്ടുതുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ സിനിമാ അതിര്‍ത്തികളും കടന്ന് ആഗോളതലത്തില്‍ തരംഗമായി മാറിയ ജോര്‍ജുകുട്ടി എന്ന വിസ്മയം അതിന്റെ മൂന്നാം അധ്യായത്തിലേക്കു കടക്കുമ്പോള്‍ സിനിമാലോകം ഒന്നടങ്കം ശ്വാസമടക്കിപ്പിടിച്ചാണ് കാത്തിരുന്നത്. ഒടുവില്‍ ആ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് 'ദൃശ്യം 3' തിയറ്ററുകളിൽ അലകടലായി ആർത്തിരമ്പുമ്പോൾ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ കളിമണ്‍പാത്രങ്ങള്‍ പോലെയാണ് തകര്‍ന്നടിയുന്നത്.
അക്ഷരാർഥത്തിൽ പ്രേക്ഷകന്റെ നെഞ്ചിടിപ്പേറ്റിയ ക്ലൈമാക്‌സിനു ശേഷം തിയറ്ററുകളില്‍ ഉയര്‍ന്ന അലയടികള്‍ മാത്രം മതി, ജീത്തു ജോസഫ് എന്ന മാന്ത്രികനും മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയും ചേര്‍ന്ന് ഒരിക്കല്‍ക്കൂടി ചരിത്രം ആവര്‍ത്തിച്ചു എന്നു പ്രഖ്യാപിക്കാന്‍.
ഇപ്പോഴിതാ, റിലീസ് ചെയ്ത ആദ്യ ദിനത്തിലെ ഞെട്ടിക്കുന്ന കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആദ്യദിന കളക്ഷൻ 50.35 കോടിയാണെന്ന് നിർമാതാക്കളായ ആശിർവാദ് സിനിമാസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമ്പോൾ മലയാള സിനിമയുടെ ചരിത്രത്തില്‍ ഇതിനുമുമ്പ് ഒരു ചിത്രത്തിനും നേടാനാകാത്ത വിജയമായി അതുമാറുന്നു.
പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരായ സാക്‌നിലിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍നിന്നുമാത്രം ചിത്രം ആദ്യദിനം കൊയ്തത് 18.37 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് (നെറ്റ് 15.85 കോടി). എന്നാല്‍ യഥാര്‍ഥ അത്ഭുതം സംഭവിച്ചത് ജിസിസി അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലാണ്. ഓവര്‍സീസ് തിയറ്ററുകളില്‍നിന്നുമാത്രം ആദ്യദിനം 30 കോടിയോളമാണ് ചിത്രം വാരിക്കൂട്ടിയത്.
റിലീസ് ദിനത്തില്‍ ഉച്ചയ്ക്കു ശേഷം തിയേറ്ററുകളിലേക്ക് ജനക്കൂട്ടം ഇരമ്പിയെത്തുകയായിരുന്നു. വൈകിട്ട് നാലു മണിയായപ്പോഴേക്കും തിയേറ്റര്‍ ഒപ്യുപന്‍സി 90 ശതമാനവും കടന്നു. തിരക്ക് നിയന്ത്രിക്കാനാകാതെ വന്നതോടെ കേരളത്തില്‍ മാത്രം അഞ്ഞൂറിലധികം പ്രത്യേക 'ലേറ്റ് നൈറ്റ് ഷോ'കളാണ് ഇന്നലെ അര്‍ധരാത്രിയില്‍ സംഘടിപ്പിച്ചത്.
ലാലേട്ടന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കു ലഭിക്കാവുന്ന ഇതിലും വലിയൊരു സമ്മാനം വേറെയില്ലെന്നാണ് തിയേറ്ററില്‍നിന്നു പുറത്തിറങ്ങുന്ന പ്രേക്ഷകര്‍ ഒരേസ്വരത്തില്‍ പറയുന്നത്. കഥപറയുന്നതിലെ പുതുമയും മേക്കിങ് മികവും സസ്‌പെന്‍സുകളുംകൊണ്ട് 'ദൃശ്യം 3' ഒരു അപൂര്‍വദൃശ്യവിരുന്നു തന്നെയാണ് സമ്മാനിക്കുന്നത്.