ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റായി മാറിയ 'ദൃശ്യം 3', റിലീസ് ചെയ്ത് വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. അതിനുപിന്നാലെ പ്രേക്ഷകര്‍ക്കു ഹൃദയം നിറഞ്ഞ നന്ദിയുമായി മോഹന്‍ലാല്‍. 100 കോടി കളക്ഷന്‍ എന്ന ചരിത്ര നേട്ടത്തിന്റെ ഔദ്യോഗിക പോസ്റ്ററിനൊപ്പം തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ലാല്‍ ആരാധകര്‍ക്കായി വൈകാരികമായ കുറിപ്പ് പങ്കുവെച്ചത്.
പോസ്റ്ററിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജ്കുട്ടി എന്ന കഥാപാത്രത്തിന്റെ കൈവിരലുകളാണുള്ളത്. അതിൽ റാണി എന്നെഴുതിയ വിവാഹമോതിരവും കാണാം.
'കഴിഞ്ഞ 13 വര്‍ഷമായി ഈ യാത്രയില്‍ ഞങ്ങളെ ഒപ്പം കൂട്ടിയതിനു നന്ദി. നിങ്ങള്‍ നല്‍കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും ഞങ്ങള്‍ എന്നും കടപ്പെട്ടിരിക്കുന്നു'- മോഹൻലാൽ കുറിച്ചു. ആഗോള ബോക്‌സ് ഓഫീസില്‍നിന്ന് വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് ചിത്രം 100 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടിയത്. ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബിലെത്തുന്ന മലയാള ചിത്രം എന്ന റെക്കോര്‍ഡ് ഇതോടെ ദൃശ്യം 3 സ്വന്തമാക്കി. ആദ്യ ദിവസം തന്നെ 50 കോടിയോളമായിരുന്നു ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷന്‍.
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഡോ. ജയന്തിലാല്‍ ഗഡ (പെന്‍ സ്റ്റുഡിയോസ്), പനോരമ സ്റ്റുഡിയോസ് എന്നിവരും നിര്‍മാണത്തില്‍ പങ്കാളികളാണ്. തിയേറ്ററുകളില്‍ ഹൗസ്ഫുള്‍ ഷോകളുമായി വന്‍ കുതിപ്പ് തുടരുന്ന ചിത്രം വരും ദിവസങ്ങളില്‍ കൂടുതല്‍ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തുമെന്നുറപ്പാണ്.