പാതി മറച്ച ദിലീപിൻ്റെ മുഖം. ഒപ്പം ഒരു തലയോട്ടിയും. ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന 'ഹെനോക്' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ഫസ്റ്റ് ലുക്കാണിത്. ദുരൂഹതയും ആകാംക്ഷയും ആവോളം നിറച്ച പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ദിലീപ് ഫൊറൻസിക് സർജനായി എത്തുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കൂടി പുറത്തുവന്നതോടെ കഥയിൽ ഒളിപ്പിച്ചുവച്ച സസ്പെൻസുകളെക്കുറിച്ചുള്ള ചർച്ചകൾക്കും ചൂടേറി.
പ്രേക്ഷകർക്കിടയിൽ എന്നും ചിരി സമ്മാനിച്ചു കൊണ്ടാണ് ദിലീപ് തൻ്റെ താരപദവി നേടിയെടുത്തത്. എന്നാൽ ഇപ്പോൾ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ അദ്ദേഹം മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഗൗരവമുള്ള വേഷങ്ങളിലേക്ക് കടന്നിരിക്കുകയാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ ചിത്രം.
'ഹെനോക്' എന്നത് ബൈബിളിലെ ഒരു വാക്കാണ്. ദൈവത്തിനൊപ്പം സഞ്ചരിക്കുന്നവൻ എന്നാണ് ഈ വാക്കിലൂടെ അർഥമാക്കുന്നത്. ഇവിടെ സത്യത്തിനും നീതിക്കും വേണ്ടി ഇറങ്ങിത്തിരിക്കുന്ന ഒരു ഫൊറൻസിക്ക് സർജൻ്റെ ഉദ്യമങ്ങളിൽ തെളിയുന്നതെന്ത് ? ദൈവത്തിൻ്റെ സാമീപ്യത്താൽ അനുഗ്രഹിക്കപ്പെടുന്നതാരൊക്കെ.. എന്തൊക്കെ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് സിനിമ.
എം സ്റ്റാർ എൻ്റെർടെയ്ൻമെൻ്റ്സ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ റോബിനും ഉല്ലാസ് കൃഷ്ണയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോണി ആന്റണി, എമിൽ ജോർജ്, അർജുൻ രാധാകൃഷ്ണൻ, ഗ്രേസ് ആന്റണി, മനോജ് കെ.യു, സുധി കോപ്പ, പ്രാർത്ഥന എസ്, ശ്രുതി ജയൻ, ഷാജു ശ്രീധർ, രഘുനാഥ് പലേരി, നിസ്താർ സെയ്ത്, പ്രമോദ് വെളിയനാട്, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, ആശാ മഠത്തിൽ, ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
ഛായാഗ്രഹണം: ഷാജികുമാർ, എഡിറ്റിങ്: ഷഫീഖ് വി.ബി, സംഗീതം: മുജീബ് മജീദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എമിൽ ജോർജ്, പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ: നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, അസോസിയേറ്റ് ഡയറക്ടർ: ദീപക് എ.നാരായൺ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, സ്റ്റിൽസ്: നന്ദു, ഡിജിറ്റൽ പ്രമോഷൻസ്: അനൂപ് സുന്ദരൻ,പിആർഒ: വാഴൂർ ജോസ്. വേഫറർ ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കും.