'കോസ്മിക് സാംസണ്‍'പാക്കപ്പിനുശേഷം അഭിനേതാക്കളും അണിയറപ്രവർത്തകരും ഫോട്ടോ-അറേഞ്ച്ഡ്
Malayalam

സന്ദീപ് പ്രദീപിന്റെ 'കോസ്മിക് സാംസണ്‍' ചിത്രീകരണം പൂര്‍ത്തിയായി

പപ്പപ്പ റിപ്പോര്‍ട്ടര്‍

സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'കോസ്മിക് സാംസണ്‍' ചിത്രീകരണം പൂര്‍ത്തിയായി. 80 ദിവസം നീണ്ടുനിന്ന ചിത്രീകരണമാണ് 'കോസ്മിക് സാംസന്' വേണ്ടിവന്നത്.

'ഒരു ചെറിയ ആശയത്തില്‍നിന്നു തുടങ്ങിയത് ഒരു വലിയ ലോകമായി മാറി. ഓരോ ദിവസവും ഓരോ ഷോട്ടിലൂടെയും നിമിഷങ്ങളിലൂടെയും ഞങ്ങള്‍ അതു കെട്ടിപ്പടുത്തു. വെല്ലുവിളികളും നീണ്ട രാത്രികളും പിന്നിട്ട് ഒടുവില്‍ ഞങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നു...'- അണിയറപ്രവര്‍ത്തകര്‍ കുറിച്ചു.

ജയസൂര്യ ചിത്രം 'ജോണ്‍ ലൂഥറി'ന് ശേഷം അഭിജിത്ത് ജോസഫ് ഒരുക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. മുകേഷ്, മിയ ജോര്‍ജ്, അല്‍ഫോണ്‍സ് പുത്രന്‍, അല്‍ത്താഫ് സലിം തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നു. അഭിജിത്ത് ജോസഫും അഭികേര്‍ഷ് വസന്തും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. സോഫിയ പോള്‍ (വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്), മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ (ഡി ഗ്രൂപ്പ്) എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ

ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത് പ്രശസ്ത ഹോളിവുഡ് സ്റ്റണ്ട് ഇതിഹാസം വ്ലാഡ് റിംബര്‍ഗ ആണ്. ദീപക് ഡി. മേനോന്‍ ഛായാഗ്രഹണവും സിബി മാത്യു അലക്‌സ് സംഗീതവും നിര്‍വഹിക്കുന്നു. ചമന്‍ ചാക്കോയാണ് ചിത്രസംയോജനം.

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലര്‍ 'എക്കോ'യ്ക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണിത്.