

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ സന്ദീപ് പ്രദീപ് സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമലുവിന്റെ ടീമിനൊപ്പം കൈകോര്‍ക്കുന്നു. പ്രേമലുവിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ കിരണ്‍ ജോസി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സന്ദീപ് പ്രധാന വേഷത്തില്‍ എത്തും. ഭാവന സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിര്‍മാണം.
പടക്കളം, എക്കോ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്കുശേഷമുള്ള ഈ സന്ദീപ് പ്രദീപ് സിനിമ ഒരു റൊമാന്റിക് കോമഡിയാണെന്നാണ് റിപ്പോർട്ട്. നടനും തിരക്കഥാകൃത്തുമായ അനുരാജ് ഒ.ബി ആണ് തിരക്കഥ ഒരുക്കുന്നത്.
അഭിജിത് ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'കോസ്മിക് സാംസണ്‍' എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് സന്ദീപ്. 'ജോണ്‍ ലൂഥറി'ന് ശേഷം അഭിജിത് ഒരുക്കുന്ന ഈ ചിത്രം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളും ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
മിന്നല്‍ മുരളി, ആര്‍ഡിഎക്‌സ് തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന പത്താമത്തെ ചിത്രമാണിത്. ഈ വര്‍ഷം പകുതിയോടെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ വ്‌ലാഡ് റിംബെര്‍ഗ് മലയാളത്തിലേക്കു വീണ്ടും എത്തുന്നു എന്നതാണ് 'കോസ്മിക് സാംസണി'ന്റെ മറ്റൊരു പ്രധാന ആകര്‍ഷണം.