പ്രതീകാത്മക ചിത്രം എഐ ഉപയോ​ഗിച്ച് തയ്യാറാക്കിയത്
Malayalam

പാചകവാതകക്ഷാമപ്രതിസന്ധി മലയാള സിനിമയിലും; 18 സിനിമകളുടെ ചിത്രീകരണം മുടങ്ങി

പപ്പപ്പ റിപ്പോര്‍ട്ടര്‍

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് അനുഭവപ്പെടുന്ന പാചകവാതക ക്ഷാമം ചലച്ചിത്രമേഖലയെയും പ്രതിസന്ധിയിലാക്കി. മലയാളം ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ ഷൂട്ടിങ് നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമാണുള്ളത്. ഏകദേശം 18 സിനിമകളുടെ ചിത്രീകരണം പ്രതിസന്ധിയിലാണെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. അഞ്ചുകോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായേക്കാമെന്നും അസോസിയേഷന്‍ പറയുന്നു.

നിലവില്‍ രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണുള്ളതെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബി. രാകേഷ് വ്യക്തമാക്കി. പ്രശ്‌നം തുടരുകയാണെങ്കില്‍ ചിത്രീകരണം നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്നും, അത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താരങ്ങളെയും ക്രൂ അംഗങ്ങളെയും മറ്റ് സംവിധാനങ്ങളും വീണ്ടും ഒരുക്കുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. ഒരു സെറ്റില്‍ ദിവസേന അഞ്ച് ഗ്യാസ് സിലിണ്ടറുകള്‍ വരെ ആവശ്യമാണെന്നും രാകേഷ് പറഞ്ഞു.

ബി.രാകേഷ്

പാചകവാതകം കിട്ടാതായതോടെ പലയിടത്തും വിറകടുപ്പുകളെയാണ് അണിയറപ്രവര്‍ത്തകര്‍ ആശ്രയിക്കുന്നത്. മെനുവില്‍ മാറ്റം വരുത്താനും സസ്യാഹാര ഇനങ്ങള്‍ വെട്ടിക്കുറയ്ക്കാനും ചില കാറ്ററിങ് യൂണിറ്റുകള്‍ നിര്‍ബന്ധിതരായി. തിരുവനന്തപുരം, കൊച്ചി, തൊടുപുഴ എന്നിവിടങ്ങളില്‍ ചിത്രീകരണം നടക്കുന്ന വിവിധ ഭാഷാചിത്രങ്ങളും ഇന്ധനക്ഷാമം മൂലം വലയുകയാണ്.