2026ൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ' ചത്താ പച്ച: ദ് റിങ് ഓഫ് റൗഡീസ്' അതിന്റെ സർവ്വ പ്രതാപത്തോടും കൂടി കൊച്ചി ലുലു മാളിനെ ഇളക്കിമറിച്ചു. റീൽ വേൾഡ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഗ്രാൻഡ് ട്രെയിലർ ആന്റ് മ്യൂസിക് ലോഞ്ച് ആരാധകർ ഒന്നടങ്കം ഏറ്റെടുത്തു. സംഗീത മാന്ത്രികരായ ശങ്കർ ഇഹ്സാൻ ലോയ് ടീമിന്റെ സാന്നിധ്യവും ലൈവ് പെർഫോമൻസും ചടങ്ങിനെ ഉത്സവമാക്കി മാറ്റി. ചിത്രത്തിന്റെ മ്യൂസിക് ആന്റ് ട്രെയിലർ ലോഞ്ച് ചടങ്ങിൽ ബെന്നി ദയാൽ, വിജയ് യേശുദാസ്, സിദ്ധാർത്ഥ് മഹാദേവൻ, എംസി കൂപ്പർ തുടങ്ങി പ്രമുഖ ഗായകർ അണിനിരന്നതോടെ കൊച്ചി ലുലു മാൾ ശരിക്കും ഒരു ആഘോഷ വേദിയായി മാറി.
ആരാധകർ ആവേശത്തോടെ കാത്തിരുന്ന ആ പവർ പാക്ക്ഡ് ട്രെയിലർ വന്നതോടെ എന്താണ് ബിഗ് സ്ക്രീനിൽ പ്രേക്ഷകർക്കായി കാത്ത് വെച്ചിരിക്കുന്നത് എന്ന് വ്യക്തമായിക്കഴിഞ്ഞു. ഒരു മാസ്സ് വിഷ്വൽ ട്രീറ്റ് തന്നെയായിരിക്കും ചത്താ പച്ച എന്ന് ട്രെയിലറിൻ്റെ ഓരോ ഫ്രെയിമും അടിവരയിടുന്നു.
ചർച്ചകളിലും സോഷ്യൽ മീഡിയയിലും ഇതിനോടകം തരംഗമായ ഡബ്ല്യുഡബ്ല്യുഇ ഗുസ്തി ഗോദയുടെ പശ്ചാത്തലം അതേ ആവേശത്തോടെ തന്നെ ട്രെയിലറിലും ദൃശ്യമാണ്. ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്തിനോടൊപ്പം റിതേഷ് ആന്റ് രമേശ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ നിർമ്മിച്ച് നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന 'ചത്താ പച്ച' മലയാള സിനിമയിൽ പുത്തൻ വിഷ്വൽ ലാംഗ്വേജ് തന്നെ അവതരിപ്പിച്ചിരിക്കുകയാണെന്ന് ട്രെയിലർ തെളിയിക്കുന്നു.
എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ആ നിമിഷവും ട്രെയിലറിലൂടെ പുറത്തുവന്നു - മെഗാസ്റ്റാർ മമ്മൂട്ടി റെസ്ലിങ് റിങ്ങിലേക്ക് നടന്നു കയറുന്നുവെന്ന് സൂചിപ്പിക്കുന്ന ബാക്‌ഷോട്ട്. ഒരു മാസ്സ് വിഷ്വൽ! ചുരുങ്ങിയ നിമിഷം മാത്രമുള്ള ആ ദൃശ്യം സോഷ്യൽ മീഡിയയിൽ തീ പടർത്തുകയാണ്. ചിത്രം പ്രഖ്യാപിച്ചത് മുതൽ നിലനിൽക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് മമ്മൂട്ടിയുടെ സാന്നിധ്യം കൂടി ഉറപ്പായതോടെ ചത്താ പച്ചയുടെ ഹൈപ്പ് ആകാശത്തോളമായി. നേരത്തെ പുറത്തിറങ്ങിയ ടൈറ്റിൽ ട്രാക്കും ടീസറും സൃഷ്ടിച്ച തരംഗം ട്രെയിലർ ലോഞ്ചിലൂടെ ഇരട്ടിയായി മാറിക്കഴിഞ്ഞു. 'വാൾട്ടറിന്റെ പിള്ളാരെ തൊടാൻ ഒരുത്തനും വളർന്നിട്ടില്ലെടാ...'എന്നാണ് മമ്മൂട്ടിയുടെ ബാക്ക് ഷോട്ടിന്റെ പശ്ചാത്തലത്തിലുള്ള ഡയലോഗ്. വാൾട്ടർ എന്ന കഥാപാത്രമായിട്ടാകും മമ്മൂട്ടി എത്തുക എന്നാണ് സൂചന.
അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരുടെ മാസ്സ് പ്രകടനത്തിനൊപ്പം സിദ്ദിഖ് ഉൾപ്പെടെയുള്ള താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. സനൂപ് തൈക്കൂടമാണ് തിരക്കഥ. ആനന്ദ് സി. ചന്ദ്രന്റെ വിസ്മയിപ്പിക്കുന്ന ക്യാമറയും കലൈ കിങ്‌സന്റെ തകർപ്പൻ ആക്ഷനും മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതവും പ്രവീൺ പ്രഭാകറിൻ്റെ എഡിറ്റിങ്ങും ചേരുമ്പോൾ ചിത്രം തീയേറ്ററുകളിൽ പൂരമായിരിക്കുമെന്ന് ഉറപ്പ്. 2026 ജനുവരി 22-ന് ചത്താ പച്ച' തീയേറ്ററുകളിൽ എത്തുന്നതോടെ ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ തന്നെയാണ് പ്രതീക്ഷിക്കുന്നത്.അതെ... ഗോദയിലേക്ക് ഇറങ്ങാൻ വാൾട്ടറിന്റെ പിള്ളേർ റെഡി.