സൈജു കുറുപ്പിന്റെ കരിയറിലെ 150-ാം ചിത്രം എന്ന സവിശേഷതയുമായി 'മോഹിനിയാട്ടം' പ്രേക്ഷകരിലേക്കെത്തുന്നു. തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റര്‍ടെയ്ന്‍മെന്റ്സും സംയുക്തമായി നിര്‍മിക്കുന്ന ചിത്രം ഏപ്രില്‍ പത്തിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഒടിടിയിലൂടെ ശ്രദ്ധേയമായ 'ഭരതനാട്യം' എന്ന സിനിമയുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി.
കോമഡിയും ക്രൈമും ഇഴചേര്‍ത്തൊരുക്കിയ പക്കാ എന്റര്‍ടെയ്നറായിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ട്രെയിലറിലെ ദൃശ്യങ്ങളും അതിലെ റഫറന്‍സുകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. കൃഷ്ണദാസ് മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാര്‍ എന്നിവരാണ് നിര്‍മാതാക്കള്‍.
വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സൈജു കുറുപ്പിനൊപ്പം സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോര്‍ട്ട്, ബേബി ജീന്‍, കലാരഞ്ജിനി, ശ്രീജ രവി തുടങ്ങിയ പ്രമുഖര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാള്‍, അഭിരാം, ശ്രുതി സുരേഷ്, ദിവ്യ എം. നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രം ഒരു കംപ്ലീറ്റ് ഫാമിലി പാക്കേജ് ആയിരിക്കും. കൃഷ്ണദാസ് മുരളിയും വിഷ്ണു ആര്‍. പ്രദീപുമാണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബബ്ലു അജു ഛായാഗ്രഹണവും ഷഫീഖ് വി.ബി ചിത്രസംയോജനവും നിര്‍വഹിക്കുന്നു.