നിവിൻ പോളി, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ബെത്ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളിൽ വലിയ വിജയമായി പ്രദർശനം തുടരുകയാണ്. ഇതിനിടെ ചിത്രത്തിലെ നിർണായക രംഗങ്ങളും തിയേറ്റർ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കരുതെന്ന് പ്രേക്ഷകരോട് അഭ്യർഥിച്ച് അണിയറപ്രവർത്തകർ രംഗത്തെത്തി.
ചിത്രത്തിന്റെ വിതരണക്കാരായ ഭാവന സ്റ്റുഡിയോസ് സോഷ്യൽ മീഡിയയിലൂടെയാണ് ഈ അഭ്യർഥന പങ്കുവെച്ചത്. തിയേറ്ററുകളിൽ ചിത്രം കാണാനെത്തുന്നവർക്ക് സസ്പെൻസും സർപ്രൈസുകളും അതേപടി ആസ്വദിക്കാൻ അവസരമൊരുക്കണമെന്നും, സോഷ്യൽ മീഡിയയിൽ സ്പോയിലറുകളും റെക്കോർഡ് ചെയ്ത രംഗങ്ങളും പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും നിർമാതാക്കൾ വ്യക്തമാക്കി.
'ഗ്ലോബൽ ബ്ലോക്ക്ബസ്റ്റർ' വിജയം സമ്മാനിച്ച പ്രേക്ഷകർക്ക് അവർ നന്ദിയും അറിയിച്ചു. ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ മൂന്നു ദിവസങ്ങൾ കൊണ്ട് ആഗോളതലത്തിൽ 61 കോടിയിലധികം രൂപ കളക്ഷൻ നേടി തിയേറ്ററുകളിൽ മുന്നേറ്റം തുടരുകയാണ്.
'പ്രേമലു'വിന് ശേഷം ഗിരീഷ് എ.ഡി, കിരൺ ജോസി എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. നിവിൻ പോളിക്കും മമിതയ്ക്കുമൊപ്പം സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, ശ്യാം മോഹൻ, സംഗീത് പ്രതാപ്,മീനാക്ഷി രവീന്ദ്രൻ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
കുമ്പളങ്ങി നൈറ്റ്സ്, ജോജി, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, പ്രേമലു തുടങ്ങിയ ഹിറ്റുകള്‍ക്ക് ശേഷം ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.