മലയാളസിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന ബഹുമതി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' സ്വന്തമാക്കി. നിവിന്‍ പോളിയും മമിത ബൈജുവും പ്രണയജോഡികളായെത്തിയ ഈ സിനിമ കല്യാണി പ്രിയദർശൻ നായികയായ ലോകയുടെ റെക്കോഡാണ് തകർത്തെറിഞ്ഞത്. 302.65 കോടിയായിരുന്നു ലോകയുടെ കളക്ഷൻ. ഇത് മറികടന്ന 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഇതുവരെ 305 കോടി രൂപയാണ് സ്വന്തമാക്കിയത്.
ഏറ്റവും വേഗത്തിൽ 300 കോടി ക്ലബ്ബിലെത്തിയ ചിത്രമെന്ന ചരിത്രനേട്ടവും ചിത്രത്തിനാണ്. 'ലോക:' 45 ദിവസം കൊണ്ടാണ് 300 കോടിയിലെത്തിയതെങ്കിൽ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' 24-ാം നാളില്‍ ലോകമെമ്പാടുമായി 300 കോടി നേടി. 300 കോടി ക്ലബ്ബിലെത്തിയ രണ്ടാമത്തെ ചിത്രവും ഇതാണ്.
ഗിരീഷ് എ.ഡിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലിഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. സുരേഷ് കൃഷ്ണ, സംഗീത് പ്രതാപ്, റോഷന്‍, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, ശ്യാം മോഹന്‍,മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര അണിനിരന്ന ചിത്രത്തിന്റെ പ്രധാന ആകർഷണം നിവിൻ-മമിത ജോഡിയുടെ സ്ക്രീൻ കെമിസ്ട്രിയായിരുന്നു.
കേരള ബോക്‌സ് ഓഫീസിലെ പ്രകടനമാണ് ചിത്രത്തിന്റെ ഈ വലിയ മുന്നേറ്റത്തിന് അടിത്തറയിട്ടത്. 23 ദിവസങ്ങള്‍ കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം 134.13 കോടി രൂപ ഗ്രോസ് കളക്ഷനായി നേടാന്‍ ചിത്രത്തിനു സാധിച്ചു. 'വാഴ 2: ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ്' സൃഷ്ടിച്ച 126 കോടിയുടെ കേരള കളക്ഷന്‍ റെക്കോഡ് മറികടന്ന് ഈ മാസം ആദ്യമേ തന്നെ 'ബെത്‌ലഹേം' കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി മാറിയിരുന്നു.
സാക്നില്‍ക്ക് നല്‍കുന്ന കണക്കുകള്‍ പ്രകാരം, ചിത്രത്തിന് ഇന്ത്യയില്‍ നിന്ന് 165.60 കോടി രൂപയും ഓവര്‍സീസ് മാര്‍ക്കറ്റുകളില്‍ നിന്ന് 132.50 കോടി രൂപയുമാണ് ലഭിച്ചത്. ആകെ കളക്ഷന്റെ 55.55 ശതമാനം ഇന്ത്യയില്‍ നിന്നും 44.45 ശതമാനം വിദേശ രാജ്യങ്ങളില്‍ നിന്നുമാണ്. ഇന്ത്യയിലെ കളക്ഷനോട് ഏതാണ്ട് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന മികച്ച പ്രകടനമാണ് ചിത്രം വിദേശത്തും കാഴ്ചവെക്കുന്നത്. തിയേറ്ററുകളില്‍ വന്‍ ജനത്തിരക്കോടെ പ്രദര്‍ശനം തുടരുന്നതിനാല്‍ വരും ദിവസങ്ങളിലും ചിത്രം കൂടുതല്‍ വലിയ കളക്ഷന്‍ നാഴികക്കല്ലുകള്‍ പിന്നിടുമെന്നാണ് കരുതുന്നത്.
ഒരു വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് മാറുന്നത്. 2025 സെപ്റ്റംബറിലാണ് മോഹന്‍ലാലിന്റെ 'എമ്പുരാന്‍' എന്ന ചിത്രത്തിന്റെ റെക്കോഡ് തകര്‍ത്ത് 'ലോക' ഇന്‍ഡസ്ട്രി ഹിറ്റാകുന്നത്. അതിനുശേഷം 2000-ത്തിന് ശേഷം നരസിംഹം, രാജമാണിക്യം, ക്ലാസ്മേറ്റ്സ്, ട്വന്റി20, ദൃശ്യം, പ്രേമം, പുലിമുരുകന്‍, 2018, മഞ്ഞുമ്മല്‍ ബോയ്സ്, എമ്പുരാന്‍, ലോക എന്നീ ചിത്രങ്ങളിലൂടെ കൈമാറിവന്ന ഇന്‍ഡസ്ട്രി ഹിറ്റ് പട്ടത്തിന്റെ തലപ്പത്താണ് ഇപ്പോള്‍ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എത്തിനില്‍ക്കുന്നത്.