അല്ലു സിരീഷിന്റെ പ്രീ-വെഡ്ഡിങ് ചടങ്ങിൽ ബേസിൽ ജോസഫ് അല്ലു അർജുനൊപ്പം ഫോട്ടോ-അറേഞ്ച്ഡ്
Malayalam

തെലുങ്ക് മണ്ണില്‍ 'മിന്നല്‍' അടിക്കുമോ...?അല്ലു അര്‍ജുനൊപ്പം ബേസില്‍ ജോസഫ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാളത്തിന്റെ പ്രിയ സംവിധായകനും നടനുമായ ബേസില്‍ ജോസഫും ടോളിവുഡ് സൂപ്പര്‍ താരം അല്ലു അര്‍ജുനും ഒന്നിച്ചുള്ള പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. അല്ലു അർജുന്റെ സഹോദരൻ അല്ലു സിരീഷിന്റെ വിവാഹത്തിനു മുന്നോടിയായി നടന്ന ചടങ്ങുകള്‍ക്കിടെ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്കു വഴിതുറന്നത്.

അല്ലു സിരീഷും നയനിക റെഡ്ഡിയും മാര്‍ച്ച് 6-ന് വിവാഹിതരാകുകയാണ്. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായതിനാല്‍, സിനിമാലോകത്തെ സുഹൃത്തുക്കള്‍ക്കായി ഹൈദരാബാദില്‍ ഗംഭീരമായ വിരുന്ന് ഒരുക്കിയിരുന്നു. ഈ ചടങ്ങിലേക്കാണ് മലയാളത്തില്‍നിന്ന് ബേസില്‍ ജോസഫ് എത്തിയത്. എമറാള്‍ഡ് ഗ്രീന്‍ ജാക്കറ്റില്‍ സ്‌റ്റൈലിഷ് ലുക്കിലെത്തിയ ബേസില്‍, കറുപ്പ് വസ്ത്രമണിഞ്ഞെത്തിയ അല്ലു അര്‍ജുനൊപ്പം പോസ് ചെയ്തതോടെ ആരാധകര്‍ ചോദിക്കുന്നത് ഒന്നേയുള്ളൂ: 'ഇതൊരു പുതിയ കോംപിനേഷന്‍ ആണോ..?'

ബേസില്‍ ജോസഫ്

ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ലെങ്കിലും, 'മിന്നല്‍ മുരളി' എന്ന പാന്‍-ഇന്ത്യന്‍ ഹിറ്റിന് ശേഷം ബേസില്‍ ജോസഫ് തെലുങ്ക് ചിത്രം സംവിധാനം ചെയ്യുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. പാന്‍-ഇന്ത്യന്‍ താരം അല്ലു അര്‍ജുനും ബേസിലും ഒന്നിച്ചാല്‍ വെള്ളിത്തിരയില്‍ മറ്റൊരു വിസ്മയം ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ബേസിലിനെ കൂടാതെ ദക്ഷിണേന്ത്യന്‍ സിനിമയിലെ പ്രമുഖരായ ബാലകൃഷ്ണ, റാം ചരണ്‍, നാനി, സന്ദീപ് റെഡ്ഡി വംഗ, അറ്റ്ലി, സുകുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.