'മിന്നൽ മുരളി' പോസ്റ്റർ, ബേസിൽ ജോസഫ് ​ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സംസാരിക്കുന്നു ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്,പിഐബി
Malayalam

ലുങ്കികൊണ്ട് മുഖംമറച്ച സൂപ്പർ ഹീറോയുണ്ടായ കഥ പറഞ്ഞ് ബേസിൽ ​ഗോവമേളയിൽ

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ഹീറോ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ച് മനസുതുറന്ന് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. ഇന്ത്യന്‍ സിനിമകളില്‍ നായകന്മാർ നേരത്തെ തന്നെ അമാനുഷിക ശക്തിയുള്ളവരായാണ് അവതരിപ്പിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ വ്യത്യസ്തനായ സൂപ്പര്‍ഹീറോയെ രൂപപ്പെടുത്തുക എന്നത് ശ്രമകരമായ കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഹിന്ദി സംവിധായകന്‍ അയന്‍ മുഖര്‍ജിക്കൊപ്പം നടന്ന സംവാദത്തിലാണ് ബേസില്‍ ഇക്കാര്യം പറഞ്ഞത്.

'ഇന്ത്യന്‍ സിനിമ നായകന്മാരെ അസാധാരണ കഴിവുകളും അമാനുഷിക ശക്തിയുമുള്ള കഥാപാത്രങ്ങളായാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, പ്രേക്ഷകര്‍ക്ക് പരിചിതമായ നായകസങ്കല്പങ്ങളില്‍ നിന്ന് വ്യത്യസ്തനായ സൂപ്പര്‍ഹീറോയെ സൃഷ്ടിക്കുക എന്നത് സംവിധായകര്‍ക്കു മുന്നിലുള്ള വെല്ലുവിളിയാണ്.'-ബേസില്‍ പറഞ്ഞു.

ബേസിൽ ജോസഫ് ​ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സംസാരിക്കുന്നു

മിതമായ ബജറ്റില്‍ സിനിമകള്‍ നിര്‍മിക്കുന്ന രീതിയാണ് മലയാള സിനിമയുടേതെന്നും, തന്റെ സൂപ്പര്‍ഹീറോ ചിത്രമായ 'മിന്നല്‍ മുരളി' ഒരുക്കിയ അനുഭവവും അദ്ദേഹം പങ്കുവെച്ചു. വലിയ ബജറ്റിന്റെ അഭാവം പുതിയ സര്‍ഗാത്മക സാധ്യതകള്‍ തേടാന്‍ ടീമിനെ പ്രേരിപ്പിച്ചതായി ബേസില്‍ വെളിപ്പെടുത്തി.

'മിന്നൽ മുരളി' പോസ്റ്റർ

സിനിമയുടെ ബജറ്റ് പരിമിതികള്‍ പുതിയ ആശയങ്ങളിലേക്കും വ്യത്യസ്തമായ അവതരണ രീതികളിലേക്കും നയിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു. ലുങ്കി കൊണ്ട് മുഖം മറച്ചും സ്ലിപ്പറുകള്‍ ധരിച്ചും സൂപ്പര്‍ഹീറോ ഓടുന്ന 'മിന്നല്‍ മുരളി'യിലെ രംഗങ്ങള്‍ അത്തരം സര്‍ഗാത്മക ചിന്തകളില്‍ നിന്നാണ് രൂപപ്പെട്ടതെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.

അല്ലു അര്‍ജുന്‍ നായകനാകുന്ന തെലുങ്ക് ചിത്രത്തിലും ബേസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.