'ബാലൻ' റിലീസ് അനൗൺസ്മെന്റ് പോസ്റ്ററിൽ നിന്ന് അറേഞ്ച്ഡ്
Malayalam

ചിദംബരം ചിത്രം'ബാലൻ'ജൂൺ 19ന് റിലീസ്; നിർമാണം കെവിഎൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

'മഞ്ഞുമ്മൽ ബോയ്സി'ന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'ബാലൻ- ദ് ബോയ്' ആഗോള റിലീസ് തീയതി പുറത്ത്. 2026 ജൂൺ 19 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ഇതിനുമുന്നോടിയായി ചിത്രത്തിന്റെ പ്രീമിയർ ഈ മാസം കാൻ ചലച്ചിത്രമേളയിൽ നടക്കുമെന്നുള്ള വിവരം നേരത്തെ പുറത്തു വന്നിരുന്നു.

മെയ് പതിനാലിനാണ് ചിത്രത്തിന്റെ മാർക്കറ്റിങ് സ്ക്രീനിങ് കാനിൽ നടക്കുക. കെവിഎൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ. നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രശസ്ത സംവിധായകൻ ജിത്തു മാധവൻ ആണ് ചിത്രത്തിന്റെ രചന.

ലോകമെമ്പാടും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിലുള്ള കഥയാണ് 'ബാലൻ ദ് ബോയ് പറയുന്നത് എന്നാണ് അണിയറ പ്രവർത്തകർ വെളിപ്പെടുത്തുന്നത്. ആകർഷകമായ ഒരു കഥയുടെയും ശക്തവും സൃഷ്ടിപരവുമായ കാഴ്ചപ്പാടിന്റെയും പിൻബലത്തിൽ, വ്യക്തിത്വം, അതിജീവനം, ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള എന്നും നിലനിൽക്കുന്ന ബന്ധം എന്നിവ അന്വേഷിക്കുന്ന സിനിമാനുഭവമായിരിക്കും 'ബാലൻ' വാഗ്ദാനം ചെയ്യുക എന്നും അവർ സൂചിപ്പിച്ചു.

'ബാലൻ' റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ

കാനിൽ നടക്കുന്ന മാർക്കറ്റിങ് പ്രദർശനത്തോടെ അന്താരാഷ്ട്ര സിനിമാ വിദ​ഗ്ദ്ധർ ഉൾപ്പെടെയുള്ള ഒരു പ്രേക്ഷക സമൂഹത്തിൻ്റെ മുന്നിലാണ് ചിത്രം എത്താനൊരുങ്ങുന്നത്. മലയാളം കൂടാതെ പാൻ ഇന്ത്യൻ റിലീസായി തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തും. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ മലയാള ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ചിദംബരത്തിന്റെ 'ബാലൻ- ദ് ബോയ്.

'ബാലൻ' ടൈറ്റിൽപോസ്റ്റർ

ഛായാഗ്രഹണം - ഷൈജു ഖാലിദ്, സംഗീതം- സുഷിൻ ശ്യാം. എഡിറ്റർ- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിങ് ഡയറക്ടർ/എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി - ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസോസിയേറ്റ് പ്രൊഡ്യൂസർമാർ - സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർമാർ- ബിനു ബാലൻ, എസ്. കെ.ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യർ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്, പിആർഒ- വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.