ബബിൽ ഖാൻ ഫോട്ടോ-അറേഞ്ച്ഡ്
Malayalam

ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബബില്‍ ഖാന്‍ മലയാളത്തിലേക്ക്; സംവിധാനം-ബാബു ജനാര്‍ദനന്‍

പപ്പപ്പ റിപ്പോര്‍ട്ടര്‍

പ്രമുഖ ബോളിവുഡ് നടന്‍ പരേതനായ ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബബില്‍ ഖാന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. 'ഖാല', 'ദി റെയില്‍വേ മെന്‍' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബബില്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ബാബു ജനാര്‍ദനനാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ പൂജ മേയ് 9-ന് കൊച്ചിയില്‍ നടക്കും.

അപര്‍ണ ബാലമുരളിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ദീപക് പറമ്പോല്‍, നിഖില്‍ നായര്‍, ജോണി ആന്റണി, ജഗദീഷ്, സുധീര്‍ കരമന, ഉണ്ണി രാജ, ജയശങ്കര്‍ തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. അനില്‍കുമാര്‍ ശിവദാസാണ് ചിത്രം നിര്‍മിക്കുന്നത്. വര്‍ണപ്പകിട്ട്, ചന്ദ്രനുദിക്കുന്ന ദിക്കില്‍, അച്ഛനുറങ്ങാത്ത വീട്, വാസ്തവം, തലപ്പാവ്, സിറ്റി ഓഫ് ഗോഡ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ബാബു ജനാര്‍ദനന്‍.

ബാബു ജനാർദനൻ

മമ്മൂട്ടി നായകനായ 'ബോംബെ മാര്‍ച്ച് 12' എന്ന ചിത്രത്തിലൂടെയാണ് ബാബു ജനാര്‍ദനന്‍ സംവിധാന രംഗത്തേക്ക് കടന്നുവന്നത്. ലിസമ്മയുടെ വീട്, ഗോഡ് ഫോര്‍ സെയില്‍ എന്നിവയാണ് ബാബു ജനാര്‍ദനന്റെ മറ്റു ചിത്രങ്ങള്‍. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അണിയറക്കാര്‍ പറഞ്ഞു.