മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ (FEFKA) അമരത്ത് ബി. ഉണ്ണിക്കൃഷ്ണന്‍ തന്നെ തുടരും. വ്യക്തിപരമായ കാരണങ്ങളാല്‍ അദ്ദേഹം സമര്‍പ്പിച്ച രാജിക്കത്ത് സംഘടനയുടെ ജനറല്‍ കൗണ്‍സില്‍ ഒറ്റക്കെട്ടായി തള്ളി. 18 വര്‍ഷമായി സംഘടനയെ നയിക്കുന്ന ഉണ്ണിക്കൃഷ്ണന്‍, പുതിയ തലമുറയ്ക്കു വഴിമാറാനാണു താന്‍ ആഗ്രഹിക്കുന്നതെന്ന് അറിയിച്ചിരുന്നെങ്കിലും കൗണ്‍സിലിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി ജനറല്‍ സെക്രട്ടറി സ്ഥാനത്തു തുടരാന്‍ തീരുമാനിക്കുകയായിരുന്നു. സിബി മലയില്‍ തന്നെ പ്രസിഡന്റായും തുടരും.
നിര്‍മാതാവ് മുരളി കുന്നുംപുറത്തും 'സുമതി വളവ്' എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക തര്‍ക്കങ്ങളിലും ബി. ഉണ്ണിക്കൃഷ്ണന്‍ വ്യക്തത വരുത്തി. ഈ പ്രോജക്ടുമായി ബന്ധപ്പെട്ട ഫെഫ്ക അംഗങ്ങള്‍ തങ്ങള്‍ കൈപ്പറ്റിയ തുകയുടെ കൃത്യമായ കണക്കുകള്‍ സംഘടനയിൽ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
സിനിമയുടെ ക്രിയേറ്റീവ് മേഖലയില്‍ അഭിനേതാക്കള്‍ അമിതമായി ഇടപെടുന്നു എന്ന ആരോപണത്തില്‍ ശക്തമായ നിലപാടാണ് ഉണ്ണികൃഷ്ണന്‍ സ്വീകരിച്ചത്. ചില ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത് ക്രെഡിറ്റിലുള്ള സംവിധായകനല്ല, മറിച്ച് അതിലെ നായകനാണെന്ന രീതിയില്‍ ഉയരുന്ന ചര്‍ച്ചകളെ അദ്ദേഹം തള്ളിപ്പറഞ്ഞു. 'മാളികപ്പുറം' സിനിമയും ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ഉണ്ണികൃഷ്ണന്റെ പ്രതികരണം
സിനിമ എന്നത് സംവിധായകന്റെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പൂര്‍ണമായ ഉത്തരവാദിത്തമാണെന്നും, നടന്മാര്‍ സ്വന്തം ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഉണ്ണികൃഷ്ണന്‍ ഓര്‍മിപ്പിച്ചു. പോസ്റ്റ് പ്രൊഡക്ഷന്‍ വേളകളില്‍ എഡിറ്റര്‍മാരുടെ ജോലിയില്‍ ചില അഭിനേതാക്കള്‍ അനാവശ്യമായി ഇടപെടുന്നുവെന്നു പരാതി ലഭിച്ചിട്ടുണ്ടെന്നും, സാങ്കേതിക പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം ഹനിക്കുന്ന പ്രവണതകള്‍ അനുവദിക്കില്ലെന്നും ബി. ഉണ്ണിക്കൃഷ്ണന്‍ കര്‍ശനമായി മുന്നറിയിപ്പ് നല്‍കി.