ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാർഢ്യം അറിയിച്ചുനടന്ന പരിപാടികളിലൊന്നിൽ നിന്ന് ഫോട്ടോ-അറേഞ്ച്ഡ്
Malayalam

നടിആക്രമിക്കപ്പെട്ട കേസ്: അതിജീവിതയ്ക്ക് നിയമസഹായവുമായി 'അവള്‍ക്കൊപ്പം'

പപ്പപ്പ റിപ്പോര്‍ട്ടര്‍

2017-ൽ നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്കു നിയമപോരാട്ടത്തിനുള്ള പിന്തുണ നല്‍കാനായി 'അവള്‍ക്കൊപ്പം ലീഗല്‍ സപ്പോര്‍ട്ട് ട്രസ്റ്റ്' രൂപീകരിച്ചു. ഹൈക്കോടതിയിലെ അപ്പീല്‍ നടപടികള്‍ക്കും നിയമപരമായ മറ്റു നീക്കങ്ങള്‍ക്കുമായി സാമ്പത്തിക സഹായം ട്രസ്റ്റ് അഭ്യര്‍ഥിച്ചു. എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും അടങ്ങുന്ന 'അവള്‍ക്കൊപ്പം' കൂട്ടായ്മയാണ് ട്രസ്റ്റിനു പിന്നില്‍.

2025 ഡിസംബര്‍ എട്ടിന് എറണാകുളം സെഷന്‍സ് കോടതി പുറപ്പെടുവിച്ച വിധി നീതിരഹിതമാണെന്ന് ട്രസ്റ്റ് പുറത്തിറക്കിയ തുറന്ന കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ആറുപേരെ കോടതി ശിക്ഷിച്ചെങ്കിലും, ഗൂഢാലോചന കുറ്റം ആരോപിക്കപ്പെട്ട നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള മൂന്നുപേരെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചിരുന്നു. ഇതിനെതിരെ അതിജീവിതയും പ്രോസിക്യൂഷനും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. നീണ്ട നിയമപോരാട്ടം അതിജീവിതയ്ക്കു വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും അതിനാല്‍ പൊതുസമൂഹം അവര്‍ക്ക് കൈത്താങ്ങാവണമെന്നും കത്തില്‍ പറയുന്നു.

പ്രതീകാത്മക ചിത്രം

കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്നുതവണ മാറിയ സംഭവത്തില്‍ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഉടന്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കും. ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടാകാമെന്ന ആശങ്ക നിലനില്‍ക്കുന്നതായും ഇത് അതിജീവിതയുടെ സ്വകാര്യതയ്ക്കും മൗലികാവകാശങ്ങള്‍ക്കും മേലുള്ള കടന്നുകയറ്റമാണെന്നും ട്രസ്റ്റ് ആരോപിക്കുന്നു. മുന്‍പ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും അതു ഫലപ്രദമായി നടന്നില്ലെന്നാണ് കൂട്ടായ്മയുടെ വിലയിരുത്തല്‍.

'അവള്‍ക്കൊപ്പം ലീഗല്‍ സപ്പോര്‍ട്ട് ട്രസ്റ്റി'ന്റെ തുറന്ന കത്തിൽ നിന്ന്

ഹൈക്കോടതിയില്‍ അതിജീവിതയ്ക്കു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ ഹാജരാകും. അഡ്വക്കേറ്റുമാരായ ഭദ്രകുമാരി, സന്ധ്യ എന്നിവരും നിയമസംഘത്തിലുണ്ടാകും. സമാഹരിക്കുന്ന ഫണ്ട് സുതാര്യമായി വിനിയോഗിക്കുമെന്നും അതിജീവിതയുടെ നിര്‍ദേശപ്രകാരം മാത്രമേ ചെലവുകള്‍ നടത്തുകയുള്ളൂവെന്നും ട്രസ്റ്റ് വ്യക്തമാക്കി.

കെ. അജിത, ദീദി ദാമോദരന്‍, ഭാഗ്യലക്ഷ്മി, മെഴ്‌സി അലക്സാണ്ടര്‍, ജോസഫ് സി മാത്യു, പ്രകാശ് ബാരെ, സോണിയ ജോര്‍ജ്, ബൈജു മേരിക്കുന്ന് തുടങ്ങിവര്‍ കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ഭാവിയില്‍ സ്ത്രീപീഡനക്കേസുകളിലെ ഇരകള്‍ക്ക് അര്‍ഹമായ നിയമസഹായം നല്‍കുക എന്നതാണ് ട്രസ്റ്റിന്റെ ലക്ഷ്യം.