ദേശീയ അവാര്‍ഡ് ജേതാവായ സുരഭിലക്ഷ്മി,നിരഞ്ജന അനൂപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് സംവിധാനം ചെയ്യുന്ന 'അവള്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നടീനടന്മാരും സാങ്കേതിക വിദഗ്ധരും ചേര്‍ന്നാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. സുരഭിയുടെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും അവള്‍ എന്ന സിനിമയിലെ 'പ്രഭ' എന്ന് ജയരാജ് വ്യക്തമാക്കി. സുരഭിയും ഇക്കാര്യം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നിരഞ്ജനയ്ക്കും ചിത്രത്തിൽ മികച്ച വേഷമാണ്.ചിത്രം ഒക്ടോബർ മൂന്നിന് തീയറ്ററുകളിലെത്തും.
സബിത ജയരാജ്, നിധിന്‍ രണ്‍ജി പണിക്കര്‍, ഷൈനി സാറ, മനോജ് ഗോവിന്ദന്‍, ഷിബു നായര്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. ഗോള്‍ഡന്‍ വിങ്‌സ് മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. മനോജ് ഗോവിന്ദന്‍, ഷിബു നായര്‍, ജയരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സച്ചു സജി നിര്‍വഹിക്കുന്നു.
എഡിറ്റിങ്- ശ്രീജിത്ത് സി.ആര്‍, ഗാനരചന- മുഹാദ് വെമ്പായം, സംഗീതം-കണ്ണന്‍ സി.ജെ, കലാസംവിധാനം- ജി ലക്ഷ്മണന്‍. ഒക്ടോബര്‍ മൂന്നിന് 'അവള്‍' പ്രദര്‍ശനത്തിനെത്തും.