അട്ടപ്പാടിയിലെ ഗോത്ര വൈദ്യത്തെ അടിസ്ഥാനമാക്കി സംവിധായൻ വിജീഷ് മണി ഒരുക്കുന്ന 'അട്ടപ്പാടി, ദി വാലി ഓഫ് ഡിവൈൻ ഹിലീങ്ങ് 'എന്ന ഇൻഡോ-ഒമാൻ ഡോക്യൂഫിക്ഷൻ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. അട്ടപ്പാടി താഴ്‌വരയിൽ മറഞ്ഞു കിടക്കുന്ന ദൈവിക സാന്ത്വനമായ ഗോത്ര വൈദ്യ വിജ്ഞാനം ലോകത്തിന് മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമ ഒരുക്കിട്ടുള്ളത്.
അട്ടപ്പാടിയിലെ ഇരുള ഗോത്രഭാഷയിലെ ആദ്യ സിനിമയിൽ നേതാജിയായി പ്രധാന വേഷത്തിലെത്തിയ പ്രശസ്ത നിർമാതാവ് ഗോകുലം ഗോപാലനാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഈ ചിത്രം നിർമിക്കുന്നത്. സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയെക്കുറിച്ച് അറബിയിൽ കവിതയെഴുതിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് അഭിനന്ദിച്ച ഒമാനി കവിയും, നടനുമായ സുൽത്താൻ അഹമ്മദ് അൽ മെഹ്‌മൂദി മുഖ്യവേഷത്തിൽ എത്തുന്ന ഈ സിനിമയിൽ അട്ടപ്പാടിയിലെ ഗോത്ര കലാകാരന്മാരും അണിനിരക്കുന്നു.
അട്ടപ്പാടിയിലെ മൂന്ന് ഗോത്രഭാഷകളിൽ (ഇരുള, കുറുമ്പ, മുഡുക) സിനിമകൾ ചെയ്ത് ഓസ്‌കറിലുൾപ്പെടെ നിരവധി ദേശീയ അന്തർദേശീയ അവാർഡുകൾ നേടി ശ്രദ്ധേയനായ സംവിധായകനാണ് വിജിഷ് മണി. ഈ ഡോക്യുഫിക്ഷൻ സിനിമയുടെ തിരക്കഥ മാധ്യമ പ്രവർത്തകനായ അജിത്ത് ഷോളയൂർ എഴുതുന്നു. ഛായാഗ്രഹണം-ശരത്,ബിനോ മുരുകേഷ്, ജിമോൻ ജോർജ്,എഡിറ്റിങ്ങ്-ബി ലെനിൻ,സൗണ്ട് ഡിസൈൻ-ഗണേഷ് മാരാർ,ഗാനരചന-സുൽത്താൻ അഹമ്മദ് അൽ മെഹ്മൂദി,സംഗീതം- വിജിഷ് മണി, പശ്ചാത്തല സംഗീതം- മിഥുൻ മലയാളം, പ്രൊഡക്ഷൻ കൺട്രോളർ-റോജി പി.കുര്യൻ, ലൊക്കേഷൻ മാനേജർ-രാമദാസ് അട്ടപ്പാടി.പിആർഒ-എ.എസ് ദിനേശ്. ഒമാനിൽ ചിത്രീകരണം ആരംഭിച്ച ഈ സിനിമയുടെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം അട്ടപ്പാടിയിലാണ് പൂർത്തിയായത്.