'അതിരടി' പോസ്റ്റർ അറേഞ്ച്ഡ്
Malayalam

ബോക്‌സ് ഓഫീസില്‍ 'അതിരടി' പൂരം; 60 കോടി ക്ലബ്ബില്‍ ഇടംനേടി ടൊവിനോ-ബേസില്‍ ചിത്രം

പപ്പപ്പ ഡസ്‌ക്‌

യുവതാരങ്ങളായ ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ ഒന്നിച്ച മള്‍ട്ടിസ്റ്റാര്‍ ചിത്രം 'അതിരടി' ബോക്‌സ് ഓഫീസില്‍ കുതിപ്പുതുടരുന്നു. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 60 കോടി രൂപ പിന്നിട്ടതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ കേരളത്തിലെ മാത്രം കളക്ഷന്‍ 30 കോടി കടന്നിരുന്നു. ഇതോടെ ഈ വര്‍ഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന അഞ്ചാമത്തെ ചിത്രമായി 'അതിരടി' മാറി.

മെയ് 14-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യവാരം മുതല്‍ക്കേ ഗംഭീര പ്രേക്ഷക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യദിനം തന്നെ ആഗോളതലത്തില്‍ 13 കോടി രൂപ വാരിക്കൂട്ടി, ഈ വര്‍ഷത്തെ ഏറ്റവും വലിയ നാലാമത്തെ ആഗോള ഓപ്പണിങ് ചിത്രം സ്വന്തമാക്കിയിരുന്നു. മലയാളം പതിപ്പിന്റെ വന്‍ വിജയത്തിന് പിന്നാലെ മേയ് 22-ന് ചിത്രത്തിന്റെ തമിഴ് പതിപ്പും തിയേറ്ററുകളിലെത്തി.

'അതിരടി' പോസ്റ്റർ

പക്കാ മാസ് കോമഡി ക്യാമ്പസ് ഫെസ്റ്റിവല്‍ എന്റര്‍ടെയ്നറായി ഒരുക്കിയ 'അതിരടി' യുവാക്കള്‍ക്കൊപ്പം തന്നെ കുടുംബപ്രേക്ഷകരെയും തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ആദ്യാവസാനം ചിരിയും ആക്ഷനും നിറഞ്ഞ കഥാസന്ദര്‍ഭങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, ടൊവിനോ തോമസ്, ഷാന്‍ റഹ്‌മാന്‍ എന്നിവരുടെ കോംബോ തിയറ്ററുകളില്‍ വലിയ കൈയടിയാണു നേടുന്നത്.

'അതിരടി' പോസ്റ്റർ

'മിന്നല്‍ മുരളി', 'പടയോട്ടം' എന്നീ ചിത്രങ്ങളുടെ സഹരചയിതാവായ അരുണ്‍ അനിരുദ്ധന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബേസില്‍ ജോസഫിന്റെ നിര്‍മാണ സംരംഭമായ ചിത്രം ഡോ. അനന്തു എന്റര്‍ടയ്ന്‍മെന്റ്സുമായി ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, സമീര്‍ താഹിര്‍ എന്നിവരും നിര്‍മാണ പങ്കാളികളാണ്.

വിഷ്ണു അഗസ്ത്യ, സറിന്‍ ഷിഹാബ്, റിയ ഷിബു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. വരാനിരിക്കുന്ന വാരാന്ത്യത്തിലും ചിത്രം വലിയ നേട്ടങ്ങള്‍ കൊയ്യുമെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.