ബുള്ളറ്റിലിരിക്കുന്ന എസ്.ഐ ലൗലജനെ പരിചയപ്പെടുത്തി മോഹൻലാൽ-തരുൺ മൂർത്തി ചിത്രം അതിമനോഹരത്തിന്റെ പുതിയ പോസ്റ്റർ. ഓണാശംസകൾക്കൊപ്പം മോഹൻലാൽ തന്നെയാണ് സോഷ്യൽമീഡിയയിലൂടെ പോസ്റ്റർ പങ്കുവച്ചത്. ഏറെക്കാലത്തിനുശേഷം മോഹൻലാൽ പോലീസ് വേഷത്തിലെത്തുന്ന ചിത്രം ആരാധകർക്ക് ആവേശനിമിഷങ്ങൾ സമ്മാനിക്കുമെന്ന സൂചനയാണ് ഈ ബുള്ളറ്റ്ദൃശ്യം നല്കുന്നത്.
ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച 'തുടരും' എന്ന ചിത്രത്തിനുശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും കൈകോര്‍ക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതുകൊണ്ടുതന്നെ പ്രഖ്യാപന സമയം മുതല്‍ വലിയ ഹൈപ്പാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'L366' എന്നായിരുന്നു ഷൂട്ടിങ് തുടങ്ങിയപ്പോൾ ചിത്രത്തിന് താത്കാലികമായി നല്കിയിരുന്ന പേര്. ചിത്രത്തില്‍ ടി.എസ്. ലൗലജന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യ നൈസിയാകുന്നത് മീര ജാസ്മിനാണ്.
ചിത്രത്തിന്റെ ഷൂട്ടിങ് അവസാന ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. പമ്പയിലെയും നിലയ്ക്കലിലെയും സീനുകൾ പൂർത്തിയാക്കിയശേഷം പ്രധാനലൊക്കേഷനായ തൊടുപുഴയിലേക്ക് മോഹൻലാലും സംഘവും മടങ്ങിയെത്തിയെങ്കിലും മഴകാരണം അവിടത്തെ ചിത്രീകരണം തടസ്സപ്പെട്ടു. തൊടുപുഴയ്ക്ക് ശേഷം മുംബൈയിലെ അവസാന ഷെഡ്യൂളോടെ ചിത്രം പൂർത്തിയാകും. ക്രിസ്മസിനാണ് റിലീസ്.
ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് രതീഷ് രവിയാണ്. മനോജ്.കെ. ജയൻ, ജഗദീഷ്,ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന,സജീവൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.ഷാജി കുമാറാണ് ഛായാഗ്രഹണം. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു. കോ-ഡയറക്ഷൻ -ബിനു പപ്പു.
എഡിറ്റിങ്- ഷെഫീഖ് വി ബി, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈൻ- ഗോകുല്‍ദാസ്, കോസ്റ്റ്യൂം- മഷര്‍ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- സുധര്‍മന്‍ വള്ളിക്കുന്ന്, ആക്ഷൻ കൊറിയോഗ്രാഫി- സ്റ്റണ്ട് സിൽവ, മേക്കപ്പ്- റോണെക്‌സ് സേവിയര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടർ- മിറാഷ് ഖാൻ, ഫിനാൻസ് കൺട്രോളർ- ശിവകുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എസ്സ കെ എസ്തപ്പാൻ, വിഎഫ്എക്സ്- ഡിജി ബ്രിക്സ്, വിതരണം- സെൻട്രൽ പിക്ചേഴ്സ്. സ്റ്റിൽസ്- അമൽ സി സത്താർ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പിആർഒ- വാഴൂർ ജോസ്, എ.എസ്. ദിനേശ്, സീതാലക്ഷ്മി.