വിഷുദിനത്തിൽ മോഹൻലാൽ അതിമനോഹരമായ ആ പേര് പ്രഖ്യാപിച്ചു. 'തുടരും' എന്ന മെഗാഹിറ്റിനുശേഷം മോഹൻലാലിനെ നായകനാക്കി തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരായി-'അതിമനോഹരം'. 'ഏവർക്കും അതിമനോഹരമായ വിഷു ആശംസകൾ' എന്ന വാചകത്തോടെയാണ് മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കിട്ടത്. അയ്യപ്പഭക്തർക്കുനടുവിൽ കൈവിരിച്ചുനിൽക്കുന്ന മോഹൻലാലിന്റെ ടി.എസ്. ലൗലജൻ എന്ന പോലീസ്കഥാപാത്രമാണ് പോസ്റ്ററിലുള്ളത്. ശബരിമല ചിത്രത്തിന്റെ പ്രധാനലൊക്കേഷനുകളിലൊന്നായിരിക്കും എന്ന വിവരത്തെ ഉറപ്പിക്കുന്നതാണ് ടൈറ്റിൽ പോസ്റ്റർ.
L366 എന്നായിരുന്നു ചിത്രത്തിന് താത്കാലികമായി നല്കിയിരുന്ന പേര്. ഏറെ നാളുകൾക്ക് ശേഷം മോഹൻലാൽ താടിവടിച്ച്,മീശപിരിച്ച് പ്രത്യക്ഷപ്പെടുന്ന ചിത്രം അദ്ദേഹത്തിന്റെ ആദ്യ ലുക്ക് പുറത്തുവന്നപ്പോൾ തന്നെ ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് രതീഷ് രവിയാണ്. മീരാ ജാസ്മിനാണ് നായിക. 2013-ൽ പുറത്തിറങ്ങിയ 'ലേഡീസ് ആൻഡ് ജെന്റിൽമാൻ’ എന്ന ചിത്രത്തിലാണ് ഇതിനുമുമ്പ് മോഹൻലാലിനൊപ്പം മീര ജാസ്മിൻ ഒരു മുഴുനീള വേഷത്തിൽ അഭിനയിച്ചത്. 13 വർഷങ്ങൾക്ക് ശേഷമാണ് ഒരു പ്രധാന വേഷത്തിൽ ഇരുവരും വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുന്നതെന്ന പ്രത്യേകതയും 'അതിമനോഹര'ത്തിനുണ്ട്.
മനോജ്.കെ. ജയൻ, ജഗദീഷ്,ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന,സജീവൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
'തുടരും' എന്ന സിനിമയിലെ സാങ്കേതിക പ്രവർത്തകർ ഭൂരിഭാഗവും ഈ ചിത്രത്തിലും ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഷാജി കുമാറാണ് ഛായാഗ്രഹണം. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു. കോ-ഡയറക്ഷൻ -ബിനു പപ്പു, എഡിറ്റിങ്- വിവേക്ഹർഷൻ, പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ-ഗോകുൽ ദാസ്,വസ്ത്രാലങ്കാരം-മഷർ ഹംസ,മേക്കപ്പ്- റോണക്സ് സേവ്യർ,സ്റ്റിൽസ്-അമൽ സി സദർ.
സെൻട്രൽ പിക്ചേഴ്സ് വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന്റെ ശബ്ദസംവിധാനം -വിഷ്ണു ഗോവിന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മിറാഷ് ഖാൻ,അസോസിയേറ്റ് ഡയറക്ടർ-അനസ് വി, പ്രൊഡക്ഷൻ മാനേജർ-ജോമോൻ ജോയ് ചാലക്കുടി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-എസ്സാ കെ. എസ്തപ്പാൻ.
ചിത്രത്തിന്റെ 55 ദിവസം നീണ്ടുനിന്ന ആദ്യ ഷെഡ്യൂൾ വിജയകരമായി പൂർത്തിയായി. നിലവിൽ ചിത്രീകരണത്തിന് ചെറിയ ഇടവേള നൽകിയിരിക്കുകയാണ്. മെയ് അഞ്ചിന് അടുത്ത ഷെഡ്യൂളിന് തുടക്കമാകും.