'അതിമനോഹരം' റിലീസ് അനൗൺസ്മെന്റ് പോസ്റ്ററിൽ നിന്ന് കടപ്പാട്-ഫേസ്ബുക്ക്
Malayalam

ഈ വർഷത്തെ ക്രിസ്മസ്കാലം 'അതിമനോഹരം';ലൗലജനും നൈസിയും വിരുന്നുവരും

പപ്പപ്പ ഡസ്‌ക്‌

മലയാള സിനിമയിലെ പ്രിയപ്പെട്ട സ്‌ക്രീന്‍ ജോഡികളായ മോഹന്‍ലാലും മീര ജാസ്മിനും നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത സിനിമാപ്രേമികള്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 'അതിമനോഹര'മായ ആ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' ഡിസംബര്‍ 24-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. മോഹന്‍ലാലും മീര ജാസ്മിനും ഒന്നിച്ചുള്ള മനോഹരമായ പുതിയ പോസ്റ്ററിനൊപ്പമാണ് ക്രിസ്മസ് റിലീസ് പ്രഖ്യാപനം. ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച 'തുടരും' എന്ന ചിത്രത്തിനുശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും കൈകോര്‍ക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതുകൊണ്ടുതന്നെ പ്രഖ്യാപന സമയം മുതല്‍ വലിയ ഹൈപ്പാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

'അതിമനോഹരം' റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ

'L366' എന്നായിരുന്നു ഷൂട്ടിങ് തുടങ്ങിയപ്പോൾ ചിത്രത്തിന് താത്കാലികമായി നല്കിയിരുന്ന പേര്. ചിത്രത്തില്‍ ടി.എസ്. ലൗലജന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യ നൈസിയുടെ വേഷത്തിലാണ് മീര ജാസ്മിന്‍ അഭിനയിക്കുന്നത്. 'തുടരും' എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിനു പിന്നാലെ വരുന്ന ചിത്രമായതുകൊണ്ട് തന്നെ ഇതൊരു മാസ് ആക്ഷന്‍ ചിത്രമായിരിക്കും എന്ന തരത്തില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്കെല്ലാം സംവിധായകന്‍ തരുണ്‍ മൂര്‍ത്തി തന്നെ വ്യക്തത വരുത്തിയിട്ടുണ്ട്.

'അതിമനോഹരം' ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന്

ഇതൊരു ആക്ഷന്‍ ചിത്രമല്ലെന്നും, മുന്‍ ചിത്രവുമായി യാതൊരുവിധ താരതമ്യത്തിനും മുതിരരുതെന്നും അദ്ദേഹം പ്രേക്ഷകരോട് അഭ്യര്‍ഥിച്ചു. ഒരു കറതീര്‍ന്ന 'പോലീസ് പ്രൊസീജറല്‍ ഫാമിലി ഡ്രാമ'യായിരിക്കും അതിമനോഹരം എന്നാണ് സംവിധായകന്‍ സാക്ഷ്യപ്പെടുത്തുന്നത്. നര്‍മത്തിനും കുടുംബബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന തനി നാടന്‍ മോഹൻലാൽ ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് അവസാന ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. കഴിഞ്ഞ വാരം ചിത്രത്തിന്റെ പ്രധാന ഷെഡ്യൂളുകള്‍ പൂര്‍ത്തിയായതോടെ സിനിമയുടെ 80 ശതമാനത്തോളം ഭാഗങ്ങളും ഷൂട്ട് ചെയ്ത് കഴിഞ്ഞതായി തരുണ്‍ മൂര്‍ത്തി അറിയിച്ചിരുന്നു. ഇനി വളരെ ചുരുങ്ങിയ ദിവസത്തെ അവസാന വട്ട ചിത്രീകരണം മാത്രമാണ് ബാക്കിയുള്ളത്.

'അതിമനോഹരം' പോസ്റ്ററിൽ മീരാ ജാസ്മിൻ

ആ​ഷി​ഖ് ഉ​സ്മാ​ൻ നി​ർമി​ക്കു​ന്ന ചിത്രത്തിന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് ര​തീ​ഷ് ര​വി​യാ​ണ്. മനോജ്.കെ. ജയൻ, ജഗദീഷ്,ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന,സജീവൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ഷാജി കുമാറാണ് ഛായാഗ്രഹണം. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു. കോ-ഡയറക്ഷൻ -ബിനു പപ്പു, എഡിറ്റിങ്- വിവേക്ഹർഷൻ, പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ-ഗോകുൽ ദാസ്,വസ്ത്രാലങ്കാരം-മഷർ ഹംസ,മേക്കപ്പ്- റോണക്സ് സേവ്യർ,സ്റ്റിൽസ്-അമൽ സി സദർ.സെൻട്രൽ പിക്ചേഴ്സ് വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന്റെ ശബ്ദസംവിധാനം -വിഷ്ണു ഗോവിന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മിറാഷ് ഖാൻ,അസോസിയേറ്റ് ഡയറക്ടർ-അനസ് വി, പ്രൊഡക്ഷൻ മാനേജർ-ജോമോൻ ജോയ് ചാലക്കുടി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-എസ്സാ കെ. എസ്തപ്പാൻ.