ആസിഫ് അലി ഭാര്യ സമയ്ക്കും കുട്ടികൾക്കും സമയുടെ മാതാപിതാക്കൾക്കുമൊപ്പം ഫോട്ടോ-അറേഞ്ച്ഡ്
Malayalam

'മകനായി പിറക്കണമെന്നില്ല, മകനാകാന്‍'; ആസിഫിന് ഭാര്യമാതാവിന്റെ പിറന്നാള്‍ സമ്മാനം

പപ്പപ്പ ഡസ്‌ക്‌

മലയാള സിനിമയുടെ പ്രിയതാരം ആസിഫ് അലിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ആരാധകരും സഹപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ നിറയുമ്പോള്‍, ശ്രദ്ധേയമാകുന്നത് ആസിഫിന്റെ ഭാര്യ സമയുടെ അമ്മ മുംതാസ് ആസാദ് പങ്കുവച്ച കുറിപ്പാണ്. വെറുമൊരു മരുമകന്‍ എന്നതിലുപരി, ഹൃദയം കൊണ്ട് ചേര്‍ത്തുപിടിക്കുന്ന മകനാണ് ആസിഫ് എന്ന് മുംതാസ് കുറിക്കുന്നു.

മകന്‍ എന്ന പദവിക്ക് രക്തബന്ധമല്ല, മറിച്ച് കരുതലും സ്‌നേഹവുമാണ് വേണ്ടതെന്ന് അടിവരയിടുന്നതായിരുന്നു മുംതാസിന്റെ വാക്കുകള്‍. 'മകനാകണമെങ്കില്‍ മകനായി പിറക്കണമെന്നില്ല. എന്നും കൂടെ വേണമെന്നില്ല. കാണുന്ന നേരം മുഖം ഒന്ന് വാടിയാല്‍ കരുതലോടെ ചേര്‍ത്തുപിടിക്കുന്ന മറ്റൊന്നിനു പകരമാകാത്ത സ്നേഹമേ...' എന്നാണ് മുംതാസ് എഴുതിയത്. ആയിരം നക്ഷത്രങ്ങള്‍ക്കിടയില്‍ തന്റെ മകനായി ഭൂമിയില്‍ പിറന്ന താരമാണ് ആസിഫ് എന്ന് വിശേഷിപ്പിച്ച മുംതാസ്, വരും നാളുകളില്‍ ആരോഗ്യവും സമാധാനവും സന്തോഷവും ഉണ്ടാകട്ടെ എന്നും ആശംസിച്ചു. ആസിഫിനൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഹൃദയസ്പര്‍ശിയായ കുറിപ്പ്. കുടുംബബന്ധങ്ങള്‍ക്ക് വലിയ വില നല്‍കുന്ന താരം കൂടിയാണ് ആസിഫ് എന്ന് ഈ കുറിപ്പ് വ്യക്തമാക്കുന്നു.

ആസിഫ് അലിയുടെ ഭാര്യാമാതാവ് മുംതാസ് ആസാദ് പങ്കുവച്ച ചിത്രവും കുറിപ്പും

ആസിഫിന്റെ ഭാര്യ സമയുടെ അമ്മ എന്നതിലുപരി ഒരു എഴുത്തുകാരി കൂടിയാണ് മുംതാസ് ആസാദ്. അവരുടെ പ്രണയം നമ്മോട് പലതും പറയും- എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. 2013ല്‍ ആയിരുന്നു കണ്ണൂര്‍ സ്വദേശിയായ സമയെ ആസിഫ് വിവാഹം കഴിച്ചത്. നിലവില്‍ കരിയറിലും ആസിഫ് വലിയൊരു കുതിപ്പിന് തയാറെടുക്കുകയാണ്. ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ ടിക്കി ടാക്കയുടെ അവസാനഘട്ട ഷൂട്ടിങ് തിരക്കുകളിലാണ് താരം.