അനുപമ പരമേശ്വരനും സായ് പല്ലവിയും,അനുപമ പരമേശ്വരൻ ചിത്രരചനയ്ക്കിടെ കടപ്പാട്-ഫേസ്ബുക്ക്,ഇൻസ്റ്റ​ഗ്രാം
Malayalam

'പ്രേമം' നിറങ്ങളോട്; അനുപമയുടെ പെയിന്റിങ്ങുകളെ പ്രശംസിച്ച് സായ് പല്ലവി

പപ്പപ്പ ഡസ്‌ക്‌

അഭിനയത്തിനു പുറമെ തങ്ങളുടെ മറ്റു കഴിവുകള്‍ കൊണ്ട് ആരാധകരെ പലപ്പോഴും അദ്ഭുതപ്പെടുത്താറുണ്ട് താരങ്ങള്‍. അത്തരത്തില്‍ തന്നിലെ ചിത്രകാരിയെ പ്രേക്ഷകര്‍ക്കു മുന്നില്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി അനുപമ പരമേശ്വരന്‍. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താന്‍ വരച്ച ചിത്രങ്ങള്‍ അനുപമ പങ്കുവെച്ചത്. ഒപ്പം ഈ കഴിവിനെ പ്രോത്സാഹിപ്പിച്ച സഹപ്രവര്‍ത്തകയും സുഹൃത്തുമായ സായ് പല്ലവിക്ക് നന്ദി പറയാനും താരം മറന്നില്ല.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഒരു ഘട്ടത്തിലാണ് (2021ല്‍) ചിത്രങ്ങളെല്ലാം വരച്ചതെന്ന് അനുപമ കുറിച്ചു. ഒരു ചുവര് നിറയെ ഫ്രെയിം ചെയ്തുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ക്ക് മുന്നിലിരിക്കുന്ന ഫോട്ടോയാണ് അനുപമ പങ്കുവെച്ചത്.

അനുപമ പരമേശ്വരന്‍ ചിത്രരചനയ്ക്കിടെ

'കുട്ടിക്കാലം മുതലേ എനിക്കു നിറങ്ങള്‍ ഇഷ്ടമായിരുന്നു, പക്ഷേ പെയിന്റിങ് ഗൗരവമായി പരീക്ഷിച്ചിട്ടില്ലായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം എന്റെ വിഷമങ്ങള്‍ പങ്കുവെക്കുന്നതിനിടയിലാണ് ഞാന്‍ സായ് പല്ലവിയോട് സംസാരിക്കുന്നത്. സായ് എനിക്ക് വാട്ടര്‍ കളറുകള്‍ തന്നു. അതാണ് എല്ലാത്തിനും തുടക്കം. എനിക്കുള്ളില്‍ ഇങ്ങനെ ഒരു കഴിവുണ്ടെന്ന് തിരിച്ചറിയാന്‍ സഹായിച്ച പല്ലവിക്ക് ഒരുപാട് സ്‌നേഹം...' അനുപമ കുറിച്ചു. താന്‍ വരച്ച ചിത്രങ്ങളെല്ലാം ഫ്രെയിം ചെയ്ത് മനോഹരമായി അലങ്കരിച്ചുവെച്ചത് അച്ഛനും അമ്മയും ചേര്‍ന്നാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

അനുപമ പരമേശ്വരന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി

അനുപമയുടെ പോസ്റ്റിന് താഴെ സ്‌നേഹനിര്‍ഭരമായ മറുപടിയുമായി സായ് പല്ലവിയുമെത്തി. 'ഒരുപാട് സ്‌നേഹം എന്റെ മുത്തേ, ചിത്രങ്ങള്‍ വളരെ വ്യക്തിപരവും മനോഹരവുമാണ്. നിന്റെ കഴിവുകള്‍ ഇങ്ങനെ വിരിഞ്ഞുവരുന്നതു കാണുമ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു...' എന്നായിരുന്നു സായ് പല്ലവിയുടെ കമന്റ്.

അനുപമ പരമേശ്വരന്‍ താൻവരച്ച ചിത്രങ്ങൾക്കരികെ

2015-ല്‍ പുറത്തിറങ്ങിയ 'പ്രേമം' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെയാണ് അനുപമ പരമേശ്വരനും സായ് പല്ലവിയും സിനിമാലോകത്തേക്ക് കടന്നുവരുന്നത്. ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് സ്‌ക്രീന്‍ പങ്കിടുന്നില്ലെങ്കിലും, നായകന്‍ ജോര്‍ജിന്റെ (നിവിന്‍ പോളി) ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളിലെ നായികമാരായാണ് ഇരുവരും എത്തിയത്. 'പ്രേമം' റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും താരങ്ങള്‍ക്കിടയിലെ ആത്മബന്ധം സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്.