'അന്ന'യിലെ ​ഗാനങ്ങളുടെ സ്പോട്ടിഫൈ കവർ  
Malayalam

'യവനകഥയിലെ ഇടയകന്യക' ഒടുവിൽ സ്ക്രീനിലേക്ക്; 'അന്ന' നിർമിക്കാൻ ടോമിച്ചൻ മുളകുപാടം

പപ്പപ്പ റിപ്പോര്‍ട്ടര്‍

യവനകഥയിൽ നിന്ന് എങ്ങോട്ടോ മാഞ്ഞുപോകുകയും അടുത്തിടെ 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലൂടെ മലയാളികളുടെ ഹൃദയത്തിലേറുകയും ചെയ്ത ആ ഇടയകന്യക സിനിമയിലേക്ക്. ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങാനിരുന്ന 'അന്ന' എന്ന ചിത്രം വർഷങ്ങൾക്കുശേഷം ടോമിച്ചൻ മുളകുപാടം നിർമിക്കുന്നു. മലയാളത്തിലെ ആദ്യ 100കോടി ചിത്രമായ 'പുലിമുരുക'ന്റെ നിർമാതാവായ ടോമിച്ചൻ മുളകുപാടം ആ ചിത്രത്തിന്റെ പത്താംവാർഷികത്തിലാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.

അരവിന്ദ് സ്വാമി,ശ്രീദേവി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്യാനിരുന്ന 'അന്ന'യുടെ തിരക്കഥ പ്രശസ്ത സാഹിത്യകാരൻ എൻ.മോഹനന്റേതായിരുന്നു. 1990-കളിലാണ് ചിത്രത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയത്. അംബു ഫിലിംസ് ആയിരുന്നു നിർമാതാക്കൾ.

മൂന്നാറിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥയായിരുന്നു അന്ന. ഇതിലെ ​ഗാനങ്ങളെല്ലാം റെക്കോഡ് ചെയ്യുകയും കാസറ്റ് രൂപത്തിൽ പുറത്തിറങ്ങുകയും ചെയ്തു. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ഔസേപ്പച്ചൻ ആയിരുന്നു സം​ഗീതം നൽകിയത്. 'യവനകഥയിൽ നിന്നുവന്ന...' 'അരയാലിലകൾ അഷ്ടപദി പാടും...' 'മോക്ഷമു​ ​ഗലദ...' തുടങ്ങിയ ​ഗാനങ്ങളെല്ലാം കാസറ്റിലൂടെ വൻഹിറ്റായി മാറി.

'അന്ന'യിലെ ​ഗാനങ്ങളുമായി പുറത്തിറങ്ങിയ കാസറ്റിന്റെ കവർ

പക്ഷേ പലവിധ കാരണങ്ങളാൽ ചിത്രം ഷൂട്ടിങ് തുടങ്ങും മുമ്പേ ഉപേക്ഷിക്കപ്പെട്ടു. വർഷങ്ങൾക്കുശേഷം 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ൽ 'യവനകഥയിൽ നിന്നു വന്ന ഇടയ​കന്യകേ...' എന്ന ​ഗാനത്തിന്റെ ആദ്യവരികൾ ഉപയോ​ഗിച്ചതോടെയാണ് 'അന്ന' വീണ്ടും ചർച്ചാവിഷയമായത്. 'യവനകഥയിൽ...' എന്ന ​ഗാനം പിന്ന ഇൻസ്റ്ററീലുകളിൽ നിറയുകയും ചെയ്തു.

'അന്ന'യിലെ ​ഗാനങ്ങളുമായി പുറത്തിറങ്ങിയ കാസറ്റിന്റെ കവർ

എൻ.മോഹനന്റെ കുടുംബത്തിന്റെ കൈയിൽ നിന്ന് 'അന്ന'യുടെ കഥയുടെ അവകാശം വാങ്ങിയതായി ടോമിച്ചൻമുളകുപാടം പറഞ്ഞു. പുതിയ രചയിതാക്കളാകും ചിത്രത്തിന്റേത്. എന്നാൽ ജോഷി തന്നെയാണോ സംവിധാനം ചെയ്യുക എന്നത് വ്യക്തമല്ല.

ടോമിച്ചൻ മുളകുപാടം

ചിത്രത്തിന്റെ പ്രഖ്യാപനവുമായി ടോമിച്ചൻ മുളകുപാടം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്:

മലയാള സിനിമയുടെ കച്ചവട സമവാക്യങ്ങൾ തിരുത്തിയ 'പുലിമുരുക'ൻ്റെ പത്താം വാർഷികത്തിൽ ഒരു പുതിയ യാത്രയുടെ പ്രഖ്യാപനം...

90-കളിൽ ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ പൂർത്തിയാകാതെ പോയ ‘അന്ന’ എന്ന സിനിമയുടെ അവകാശം സ്വന്തമാക്കിയ വിവരം സന്തോഷത്തോടെ പങ്കുവയ്ക്കുകയാണ്.

വർഷങ്ങൾക്കിപ്പുറം ചിത്രത്തിലെ ‘യവനകഥയിലെ ഇടയകന്യകേ’ എന്ന ഗാനം ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിൽ തരംഗമായപ്പോൾ, ‘അന്ന’ എന്ന സിനിമയെക്കുറിച്ചും ഒരുപാട് അന്വേഷണങ്ങളും ചർച്ചകളും ഉണ്ടായി.

ആ സിനിമയുടെ കഥയും അതിനോടൊപ്പമുള്ള ഓർമകളും വീണ്ടും പുതിയ തലമുറയിലേക്ക് പുതിയ രചയിതാക്കളിലൂടെ എത്തിക്കണമെന്ന ആഗ്രഹത്തിലാണ് ‘അന്ന’യുടെ നിർമാണാവകാശം ഏറ്റെടുത്തിരിക്കുന്നത്.

മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് പാതിവഴിയിൽ നിന്നുപോയ ഒരു സിനിമയ്ക്ക് ഒരു പുതിയ തുടക്കം. ചിത്രത്തിൻ്റെ സംവിധായകനും താരങ്ങളും ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ പിന്നീട് അറിയിക്കും. ഇപ്പോൾ അതേക്കുറിച്ച് കൂടുതൽ പറയുന്നില്ല. കുറച്ച് കാര്യങ്ങൾ നിങ്ങളിലേക്ക് എത്താൻ സമയമെടുക്കട്ടെ... മുളകുപാടം ഫിലിംസിലൂടെ ‘അന്ന’ വീണ്ടും വെള്ളിത്തിരയിലേക്ക്. നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു.