

നിവിൻ പോളി - മമിത ബൈജു ചിത്രം 'ബെത്ലഹേം കുടുംബ യൂണിറ്റ്' 300 കോടി ക്ലബ്ബിൽ ഇടംനേടിയത് വേറിട്ടരീതിയിൽ ആഘോഷിച്ച് അണിയറപ്രവർത്തകർ. സാധാരണയായി ബോക്സ് ഓഫീസ് റെക്കോഡുകൾ ആഘോഷിക്കുമ്പോൾ പ്രധാന അഭിനേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്ററുകൾ പുറത്തിറക്കുന്നതാണ് പതിവ്. എന്നാൽ അതിൽ നിന്നു വ്യത്യസ്തമായി, സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച സാങ്കേതിക വിദഗ്ധരെയും നിർമാതാക്കളെയും മാത്രം ഉൾപ്പെടുത്തി പോസ്റ്റർ പുറത്തിറക്കിയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ മാതൃകയായിരിക്കുന്നത്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിന്റെ പുതിയ വിജയാഘോഷ പോസ്റ്ററിൽ സംവിധായകനും നിർമാതാക്കൾക്കും പുറമെ ഛായാഗ്രാഹകൻ അജ്മൽ സാബു, തിരക്കഥാകൃത്ത് കിരൺ ജോസി, എഡിറ്റർ ആകാശ് ജോസഫ് വർഗീസ് എന്നിവരാണ് ഇടംപിടിച്ചിരിക്കുന്നത്. സിനിമയുടെ കാതൽ ഇവരുടെ അധ്വാനമാണെന്ന് ഓർമിപ്പിക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ചർച്ചയായിക്കഴിഞ്ഞു.
പ്രധാന സാങ്കേതിക പ്രവർത്തകരിൽ സംഗീത സംവിധായകൻ വിഷ്ണു വിജയ് മാത്രമാണ് പോസ്റ്ററിൽ ഇല്ലാതെ പോയത്. ഇത് ചൂണ്ടിക്കാട്ടി നിവിൻ പോളി സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളും ശ്രദ്ധ നേടി. '300 കോടിയിലധികം ആഗോള ഗ്രോസ്! നിങ്ങളുടെ വലിയ സ്നേഹത്തിന് നന്ദി. നമ്മുടെ സംഗീത മാന്ത്രികൻ വിഷ്ണു വിജയ് കൂടി ഈ ഫ്രെയിമിൽ ഉണ്ടായിരുന്നെങ്കിൽ ചിത്രം പൂർണമാകുമായിരുന്നു' എന്നായിരുന്നു നിവിൻ പോളി പോസ്റ്റർ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
മലയാള സിനിമയിൽ ഏറ്റവും വേഗത്തിൽ 300 കോടി ക്ലബ്ബിൽ കയറുന്ന ചിത്രമെന്ന റെക്കോഡും ഗിരീഷ് എ.ഡി ചിത്രമായ ബെത്ലഹേം കുടുംബ യൂണിറ്റ് സ്വന്തമാക്കി കഴിഞ്ഞു. തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച് പ്രദർശനം തുടരുന്ന ചിത്രം, മുൻ റെക്കോർഡുകളെല്ലാം മറികടന്നാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്.