രണ്ടു പതിറ്റാണ്ടിനു മുമ്പ് കേരളത്തിലെ കൗമാരക്കാരെയും യുവാക്കളെയും ഒരേപോലെ ആവേശത്തിലാഴ്ത്തിയ സ്‌റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്റെ എക്കാലത്തെയും വലിയ ക്യാമ്പസ് ഹിറ്റ് 'ഹാപ്പി' വീണ്ടും തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. പുത്തന്‍ 4കെ ദൃശ്യഭംഗിയോടെ ചിത്രം റീ-റിലീസ് ചെയ്തപ്പോള്‍ തിയേറ്ററുകളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വമ്പന്‍ ആഘോഷങ്ങളാണ് അരങ്ങേറുന്നത്.
വെറുമൊരു റീ-റിലീസ് എന്നതിനപ്പുറം പഴയൊരു സൗഹൃദകാലത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയായി മാറിയിരിക്കുകയാണ് 'ഹാപ്പി'. തിയേറ്ററിനുള്ളില്‍ പാട്ടുകള്‍ക്കൊപ്പം ആരാധകര്‍ നൃത്തം ചെയ്യുന്നതിന്റെയും ഡയലോഗുകള്‍ ഏറ്റുപറയുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ഇപ്പോഴിതാ ആരാധകര്‍ക്കൊപ്പം 'ഹാപ്പി' തരംഗത്തില്‍ പങ്കുചേര്‍ന്നിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി അനശ്വര രാജന്‍.
തന്റെ സഹോദരി ഐശ്വര്യ രാജനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് അനശ്വര തിയേറ്ററില്‍ സിനിമ കാണാനെത്തിയത്. മുന്‍നിരയില്‍നിന്ന് സാധാരണ ആരാധകരെപ്പോലെ ആര്‍ത്തുവിളിച്ചും കയ്യടിച്ചും അനശ്വരയും സംഘവും സിനിമ ആഘോഷമാക്കി. തിയേറ്ററിനുള്ളിലെ തകര്‍പ്പന്‍ നിമിഷങ്ങളുടെ വീഡിയോ അനശ്വരയുടെ സഹോദരിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
യുവന്‍ ശങ്കര്‍ രാജയുടെ മാന്ത്രിക സംഗീതം തിയേറ്ററില്‍ വീണ്ടും മുഴങ്ങുമ്പോള്‍, 'ചൈല്‍ഡ്ഹുഡ് ജൂക്ക്‌ബോക്‌സ് തിയേറ്ററുകളില്‍' എന്ന മനോഹരമായ അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'അന്ന് ടിവി ചാനലുകളിലും കാസറ്റുകളിലും ലൂപ്പിലിട്ട് കേട്ടിരുന്ന പാട്ടുകള്‍ ഇന്ന് തിയേറ്ററിന്റെ വലിയ സൗണ്ട് സിസ്റ്റത്തില്‍ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ആവേശം ചെറുതല്ല...' വീഡിയോയ്ക്ക് താഴെ ആരാധകര്‍ കുറിക്കുന്നു.
2006-ല്‍ എ. കരുണാകരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'ഹാപ്പി', കേരളത്തില്‍ അല്ലു അര്‍ജുന്‍ എന്ന താരത്തിന് വലിയ സ്വീകാര്യത ലഭിച്ച ചിത്രമാണ്. അന്ന് 'ഹാപ്പി ബി ഹാപ്പി' എന്ന പേരില്‍ മലയാളത്തിലേക്ക് മൊഴിമാറ്റി എത്തിയ ചിത്രം 175 ദിവസത്തിലധികമാണ് തിയേറ്ററുകളില്‍ നിറഞ്ഞോടിയത്. മലയാളി പ്രേക്ഷകര്‍ക്ക് അല്ലു അര്‍ജുനെ പരിചയപ്പെടുത്തിയ രാഗ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ഖാദര്‍ ഹസന്‍ തന്നെയാണ് രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം ഈ ദൃശ്യവിരുന്ന് വീണ്ടും തിയേറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.
തിയേറ്ററില്‍ അല്ലു അര്‍ജുന്‍ ചിത്രം കണ്ട് ആസ്വദിക്കുമ്പോള്‍ തന്നെ, തെലുങ്ക് സിനിമാ ലോകത്ത് സ്വന്തമായി ഒരു സാമ്രാജ്യം പടുത്തുയര്‍ത്താനുള്ള ഒരുക്കത്തിലാണ് അനശ്വര രാജന്‍. റോഷന്‍ മേക്ക നായകനായ 'ചാമ്പ്യന്‍' എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം താരം ടോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഇതൊരു തുടക്കം മാത്രമാണ്. വരാനിരിക്കുന്ന 'ഇറ്റ്ലു അര്‍ജുന' എന്ന ചിത്രത്തിന് പുറമെ, ടോളിവുഡിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനാകുന്ന വമ്പന്‍ ചിത്രത്തിലും അനശ്വര പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ തെലുങ്കിലെ മുന്‍നിര നായികമാരുടെ പട്ടികയിലേക്ക് ഉയരാന്‍ ഒരുങ്ങുകയാണ് ഈ മലയാളി പെണ്‍താരം.