ഐശ്വര്യലക്ഷ്മി ചെന്നൈയില്‍ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോൾ ഫോട്ടോ-അറേഞ്ച്ഡ്
Malayalam

പൊതുപരിപാടിയിലെ വസ്ത്രധാരണം; ഐശ്വര്യ ലക്ഷ്മിക്കെതിരെ 'സദാചാരവേട്ട'

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാള സിനിമയില്‍ സ്വന്തം നിലപാടുകള്‍ കൊണ്ട് വ്യത്യസ്തയായ അഭിനേത്രിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും, പൊന്നിയന്‍ സെല്‍വന്‍, കിങ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകപ്രീതി നേടിയ താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നേരിടുന്നത് രൂക്ഷ വിചാരണകളാണ്. ചെന്നൈയില്‍ ഒരു ഉദ്ഘാടന ചടങ്ങിനെത്തിയ താരത്തിന്റെ വസ്ത്രധാരണമാണ് ഒരു വിഭാഗം ആളുകളെ 'അസ്വസ്ഥരാക്കിയത്'.

മഞ്ഞ നിറത്തിലുള്ള സ്ട്രാപ് ലെസ് വസ്ത്രമണിഞ്ഞാണ് ഐശ്വര്യ ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ, 'ഇത് നമ്മുടെ സംസ്‌കാരത്തിനു ചേര്‍ന്നതല്ല', 'അല്‍പം കൂടി മാന്യമായ വസ്ത്രം ധരിക്കാമായിരുന്നു' എന്നിങ്ങനെയുള്ള ഉപദേശങ്ങളുമായി ഒരു സംഘം ആളുകള്‍ എത്തി. ഒരു വിഭാഗം രൂക്ഷ വിമര്‍ശനങ്ങളും ആക്ഷേപങ്ങളുമാണു തൊടുത്തുവിട്ടത്. 'ഇതെന്താ കുളിമുറിയിൽ നിന്ന് ഇറങ്ങിവന്നതാണോ' എന്നാണ് ചിലർ പരിഹസിച്ചത്.

ഐശ്വര്യലക്ഷ്മി ചെന്നൈയില്‍ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോൾ

അതേസമയം, താരത്തെ പ്രതിരോധിക്കാനും നിരവധിപ്പേര്‍ രംഗത്തെത്തി. 'സ്ത്രീകളുടെ വസ്ത്രത്തിലേക്കു നോക്കി സംസ്‌കാരം അളക്കുന്ന രീതി പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല' എന്നതാണ് ഇവരുടെ പക്ഷം. ഐശ്വര്യയുടെ ആത്മവിശ്വാസത്തെയും ഫാഷന്‍ സെന്‍സിനെയും ചിലര്‍ പുകഴ്ത്തി. തന്റെ ജീവിതം തന്റെ തീരുമാനങ്ങള്‍- എന്ന നയം നേരത്തെ തന്നെ വ്യക്തമാക്കിയ താരമാണ് ഐശ്വര്യ. സൈബര്‍ ഇടങ്ങളിലെ വിഷലിപ്തമായ കമന്റുകളെ അവഗണിക്കാനും തന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാനും താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുത്ത ഐശ്വര്യ, ഇത്തരം വിവാദങ്ങള്‍ക്ക് മറുപടി നല്‍കി സമയം കളയാന്‍ താല്പര്യപ്പെടുന്നില്ല എന്ന സൂചനയാണ് നല്‍കുന്നത്.