മോഹൻലാൽ,ആലിന്‍ ഷെറിന്‍ എബ്രഹാം ഫോട്ടോ കടപ്പാട്-മോഹൻലാൽ ഫേസ്ബുക്ക് പേജ്
Malayalam

ആദരവോടെ കേരളം,ആലിൻ ഹൃദയങ്ങളിൽ ജീവിക്കുമെന്ന് മോഹൻലാൽ

പപ്പപ്പ റിപ്പോര്‍ട്ടര്‍

വാഹനാപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച പത്തു മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാം എന്ന കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്ത വാര്‍ത്ത കേരളത്തിന്റെ നൊമ്പരവും ആദരവുമായി മാറുന്നു. പ്രിയപ്പെട്ട കുഞ്ഞിന്റെ വേര്‍പാടിന്റെ തീവ്രദു:ഖത്തിനിടയിലും മറ്റുള്ളവര്‍ക്ക് ജീവന്‍ നല്‍കാന്‍ മാതാപിതാക്കള്‍ എടുത്ത തീരുമാനത്തെ പ്രകീര്‍ത്തിച്ച് നടന്‍ മോഹന്‍ലാല്‍ പങ്കുവച്ച വൈകാരിക കുറിപ്പ് ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്.

സഹജീവികളായ കുരുന്നു ജീവനുകള്‍ക്ക് പുനര്‍ജന്മത്തിന്റെ പ്രതീക്ഷകള്‍ നല്‍കിയാണ് ആലിന്‍ മടങ്ങിയതെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'പ്രിയപ്പെട്ടവരുടെ ഓര്‍മകളില്‍ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളില്‍ ആലിന്‍ ഇനിയും ജീവിക്കും...' - മോഹന്‍ലാല്‍ കുറിച്ചു.

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

'തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകള്‍ക്ക് പുനര്‍ജന്മത്തിന്റെ പ്രതീക്ഷകള്‍ നല്‍കിയാണ് ആലിന്‍ ഷെറിന്‍ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്. ആലിന്‍ മോളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്‌നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്. ഈ ലോകം മനോഹരമായി നിലനില്‍ക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാര്‍ഥ സ്‌നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിന്‍ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മകളില്‍ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളില്‍ കൂടിയും...'

മാതാപിതാക്കളായ അരുൺ എബ്രഹാമിനും ഷെറിൻ ആൻ ജോണിനുമൊപ്പം ആലിന്‍

ഫെബ്രുവരി 5-നാണ് ആലിന്റെയും കുടുംബത്തിന്റെയും ജീവിതം മാറ്റിമറിച്ച ആ അപകടം നടന്നത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ ആലിനും മാതാപിതാക്കളായ അരുൺ എബ്രഹാമും ഷെറിൻ ആൻ ജോണും സഞ്ചരിച്ചിരുന്ന കാര്‍ എംസി റോഡിലെ പള്ളം ബോര്‍മ കവലയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. എതിര്‍ദിശയില്‍ നിന്നെത്തിയ കാര്‍ ആലിന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തില്‍ ആലിനിന് ഗുരുതരമായി പരിക്കേറ്റു. അമ്മയ്ക്കും അമ്മയുടെ മാതാപിതാക്കള്‍ക്കും സാരമായ പരിക്കുകള്‍ സംഭവിച്ചിരുന്നു. ഉടന്‍ തന്നെ ചങ്ങനാശേരിയിലെയും തിരുവല്ലയിലെയും ആശുപത്രികളില്‍ എത്തിച്ച ആലിനിനെ, വിദഗ്ധ ചികിത്സയ്ക്കായി ഫെബ്രുവരി ഏഴിന് കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടര്‍മാരുടെ തീവ്രശ്രമങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കും ഫലമുണ്ടാകാതെ ഫെബ്രുവരി 13-ന് മസ്തിഷ്‌ക മരണം സംഭവിച്ചു. ആ തകര്‍ന്ന നിമിഷത്തിലും, തങ്ങളുടെ കുഞ്ഞിലൂടെ മറ്റുള്ളവര്‍ ജീവിക്കട്ടെ എന്ന ഉറച്ച തീരുമാനം കുടുംബം കൈക്കൊള്ളുകയായിരുന്നു.