ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍ പോസ്റ്റർ കടപ്പാട്-ഐഎംഡിബി
Malayalam

ഐഎഫ്എഫ്‌കെ:'ബാറ്റില്‍ഷിപ്പ് പൊട്ടെംകി'നും 'ബീഫും' ഉൾപ്പെടെ 19 സിനിമകളുടെ പ്രദർശനം നിർത്തി

പപ്പപ്പ റിപ്പോര്‍ട്ടര്‍

തിരുവനന്തപുരത്തുനടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ( ഐഎഫ്എഫ്‌കെ) പാലസ്തീന്‍ പ്രമേയമായവ ഉള്‍പ്പെടെ 19 ചിത്രങ്ങളുടെ പ്രദര്‍ശനം നിര്‍ത്തിവച്ചു. സെന്‍സര്‍ ബോര്‍ഡ് അനുമതി കിട്ടിയില്ലെന്നാണ് സംഘാടകരുടെ വിശദീകരണം.പാലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടവ, സെര്‍ഗി ഐസന്‍സ്റ്റീന്റെ ക്ലാസിക് ചിത്രം ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍, ബീഫ് എന്നിവയുള്‍പ്പെടെ 19-ാളം സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതു നിര്‍ത്തിവച്ച് ഐഎഫ്എഫ്‌കെ സംഘാടകര്‍. ചിത്രങ്ങളുടെ പ്രദര്‍ശനത്തിനായി ഔദ്യോഗിക അനുമതി പ്രതീക്ഷിക്കുകയാണെന്നും സംഘാടകര്‍ അറിയിച്ചു.

ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുമതി നേടുന്നതിനായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയവുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ഐഎഫ്എഫ്‌കെ സംഘാടകര്‍ അറിയിച്ചു. ഡിസംബര്‍ 15ന് വൈകുന്നേരം 6.30ന് ശ്രീ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍ റദ്ദാക്കി. പുതുക്കിയ ഷെഡ്യൂള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സംഘാടകർ പറയുന്നത്. ഡിസംബര്‍ 12ന് ആണ് 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് തുടങ്ങിയത്. 19ന് ആണ് സമാപനം.

ലോകസിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നാണ് ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍. റഷ്യന്‍ സംവിധായകനായ സെര്‍ഗി ഐസന്‍സ്റ്റീന്‍ 1925-ല്‍ സംവിധാനം ചെയ്ത വിഖ്യാത നിശബ്ദചലച്ചിത്രമാണിത്. സാര്‍ ചക്രവര്‍ത്തിമാരുടെ ഭരണകാലത്തെ യഥാര്‍ഥ സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കരിങ്കടലിലെ റഷ്യന്‍ യുദ്ധകപ്പലായ പൊട്ടെംകിനില്‍ അസംതൃപ്തരായ നാവികര്‍ നടത്തിയ കലാപം ഒരു രാഷ്ട്രീയസമരമായി പരിണമിച്ചതിന്റെ ദൃഷ്യാവിഷ്‌കാരമാണ് ചിത്രം.

'ഓള്‍ ദാറ്റ്‌സ് ലെഫ്റ്റ് ഓഫ് യു' എന്ന ചിത്രത്തിൽ നിന്ന്

'ഓള്‍ ദാറ്റ്‌സ് ലെഫ്റ്റ് ഓഫ് യു' എന്ന സിനിമയുടെ പ്രദര്‍ശനവും റദ്ദാക്കി. 1988-ല്‍ ഒന്നാം ഇന്‍തിഫാദയുടെ കൊടുമുടിയില്‍ നൂര്‍ എന്ന പാലസ്തീന്‍ ബാലന്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു പ്രതിഷേധത്തില്‍ പങ്കുചേരുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീട് നൂര്‍ കൊല്ലപ്പെടുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാവ് ഹനാന്‍ മൂന്ന് തലമുറകളിലൂടെയുള്ള തങ്ങളുടെ കുടുംബ ചരിത്രം വിവരിക്കുന്നു. വിശാലമായ പാലസ്തീന്‍ അനുഭവവുമായി വ്യക്തിപരമായ ദു:ഖം ഇഴചേരുന്നതാണ് ചിത്രം. 2025 ജനുവരി 25ന് നടന്ന സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ നടന്നു. കൂടാതെ 98-ാമത് ഓസ്കർ അവാര്‍ഡുകളില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമിനുള്ള ജോര്‍ദാന്റെ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

'ബീഫ്' സിനിമയുടെ പോസ്റ്റർ

പ്രദര്‍ശനാനുമതിക്കായി കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് ബീഫ്. ബാഴ്‌സലോണയുടെ പ്രാന്തപ്രദേശങ്ങളില്‍ നിന്നുള്ള ആഫ്രിക്കന്‍ വംശജയായ ലാറ്റി എന്ന യുവതി തന്റെ പിതാവിന്റെ മരണശേഷം ദു:ഖം, മുന്‍വിധി, ലിംഗപരമായി നേരിടുന്ന പ്രതിസന്ധികള്‍ എന്നിവയെ മറികടക്കാന്‍ ഫ്രീസ്‌റ്റൈല്‍ റാപ്പിലേക്ക് പ്രവേശിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്‍ഗ്രിഡ് സന്റോസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.