നാടുകടത്തപ്പെട്ടവർ,മതിലുകൊണ്ട് വേർതിരിക്കപ്പെട്ടവർ...അഥവാ മനുഷ്യർ...

ഓരോ ആഴ്ചയിലും കാണാവുന്ന മൂന്ന് ലോകസിനിമകളെ പരിചയപ്പെടുത്തുന്ന പംക്തി-Chai and Cinema
EKSKURSANTE പോസ്റ്റർ
EKSKURSANTE പോസ്റ്റർ അറേഞ്ച്ഡ്
Published on
  • EKSKURSANTE (2013)

  • Language- Lithuanian

  • Duration- 1 Hour 50 Minutes

  • Genre- Action / Drama

കയ്യിലിരുന്ന ധാന്യമണികൾ കുറേശ്ശയായി അവൾ ട്രെയിനിൽ നിന്ന് താഴേക്കിടുന്നുണ്ട്. പ്രസവവേദന എടുത്ത് നിലവിളിക്കുന്ന അമ്മയെ ആരൊക്കെയോ ചേർന്ന് എടുത്തുകൊണ്ടു പോയി. കൂടെയിരുന്ന സ്ത്രീ അവളെ ട്രെയിനിൽ നിന്നും പുറത്തിറക്കിയിട്ട് പറഞ്ഞു; പടിഞ്ഞാറേക്ക് ഓട്, സൂര്യൻ അസ്തമിക്കുന്നിടത്തേക്ക്.. നിന്റെ നാട്ടിലേക്ക്.”

2013ൽ പുറത്തിറങ്ങിയ ലിത്വാനിയൻ ചിത്രം ‘എക്സ്കുർസാന്തെ’ ഒരു ചരിത്ര സിനിമയാണ്. നാടുകടത്തപ്പെട്ട നിസ്സഹായരായ മനുഷ്യരുടെ ജീവിതാവസ്ഥകൾ മനോഹരമാംവണ്ണം അവതരിപ്പിക്കുന്ന ചിത്രം. ചിത്രം പറയുന്നത് മരിയയുടെ കഥയാണ്. സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ട അവളുടെ തിരിച്ചുവരവിന്റെ കഥ. അതും 6000 കിലോമീറ്ററുകൾ താണ്ടി….ട്രെയിനിൽ നിന്ന് രക്ഷപ്പെടുന്ന അവൾക്ക് ആദ്യം അഭയം നല്കുന്നത് നാജ അമ്മായിയും വിച്ചോക്കും ആണ്. ഇരുവരും മനസ്സിൽ പതിയുന്ന കഥാപാത്രങ്ങൾ. അവിടെനിന്ന് യാത്രയാവുന്ന മരിയ പിന്നീട് കടന്നുപോകുന്നത് പ്രതിസന്ധികളുടെ മധ്യത്തിലൂടെയാണ്. വഴിയിൽ കണ്ടുമുട്ടിയവരൊക്കെ ചില പാഠങ്ങൾ പകർന്നുനൽകി. ചിലർ സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും അടയാളങ്ങൾ ആയപ്പോൾ മറ്റുചിലർ വംശീയതയുടെ കറുത്ത അദ്ധ്യായം മനസ്സിൽ സൂക്ഷിക്കുന്ന ചെന്നായ്കളായിരുന്നു.

EKSKURSANTE പോസ്റ്റർ
പ്രകൃതിക്കുവേണ്ടി പോരാടുന്ന പെൺകുട്ടിയും,അഥീറായുടെ ജീവിതവും,വിശപ്പ് വേട്ടയാടുന്ന കുട്ടികളും

മരിയയുടെ അതിജീവനകഥ പ്രേക്ഷകമനസ്സുകളിൽ ഇടം നേടുന്നത് അത് യാഥാർഥ്യങ്ങളെ തുറന്നുകാട്ടുന്നതുകൊണ്ടാണ്. ഓരോ ഷോട്ടും അതിമനോഹരമായി സ്‌ക്രീനിൽ നിറയുമ്പോൾ ആ ഭൂപ്രകൃതിയുടെ സൗന്ദര്യം നമ്മൾ അറിയാതെ ആസ്വദിച്ചുപോകും. വളരെ ശക്തമായ പശ്ചാത്തലസംഗീതത്തിന്റെ പിൻബലം മരിയയുടെ യാത്രയിൽ ഉടനീളമുണ്ട്. പത്തു വയസ്സുകാരിയുടെ ജീവിതത്തിൽ നിറയുന്ന പ്രതിബന്ധങ്ങളെ പ്രേക്ഷകർ അനുഭവിച്ചറിയേണ്ടതുണ്ട്.

നാടുകടത്തപ്പെട്ടവരൊക്കെ ഒരേയൊരു പ്രതീക്ഷയിൽ ആണ് ജീവിക്കുന്നത്. എന്നെങ്കിലും സ്വന്തം മണ്ണിൽ തിരികെയെത്തുമെന്ന പ്രതീക്ഷയിൽ.. വളരെ പതിയെ നീങ്ങുന്ന ചിത്രം പറഞ്ഞുവെക്കുന്നത് ഒരുപാട് കാര്യങ്ങളാണ്. സ്വന്തം വീട്ടിലേക്കുള്ള ഓട്ടത്തിനിടയിൽ മാറി വരുന്ന കാലങ്ങളോടൊപ്പം വന്നണയുന്ന വ്യത്യസ്തരായ മനുഷ്യരുടെയും കാഴ്ച.. അനുഭവിച്ചറിയുക.

BALLOON പോസ്റ്റർ
BALLOON പോസ്റ്റർഅറേഞ്ച്ഡ്
  • BALLOON (2018)

  • Language- German

  • Duration- 2 Hour 5 Minutes

  • Genre- Drama / History / Thriller

'കാറിന് പിന്നിൽ വലിയ വെളിച്ചം കണ്ടിട്ടാണ് അവൻ തിരിഞ്ഞുനോക്കിയത്. അച്ഛനും അമ്മയും ജ്യേഷ്ഠനും കൂടി ആ പുൽമേട്ടിൽ എന്തുചെയ്യുകയാണ്? ഇതാണോ അമ്മ പറഞ്ഞ സർപ്രൈസ്? അതെ ഇതുതന്നെയാണ്. ആ വലിയ ബലൂൺ അവർ നാലുപേരെയും കൊണ്ട് പറന്നുയർന്നു. പക്ഷേ ലക്ഷ്യം പൂർത്തീകരിക്കാൻ സാധിക്കാതെ വീണുപോയി. വീണുപോയെങ്കിലും ലക്ഷ്യത്തിൽനിന്ന് പിന്മാറുവാൻ അവർക്ക് കഴിഞ്ഞില്ല. സ്വാതന്ത്ര്യത്തിലേക്കുള്ള ഭ്രാന്തമായ ആശയം അവർ നടപ്പിലാക്കുകയാണ്…'

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 1979 കാലഘട്ടത്തിൽ, കോൾഡ് വാർ നടക്കുന്ന സമയത്ത് രണ്ട് ജർമൻ കുടുംബങ്ങൾ നടത്തുന്ന അതിർത്തി ലംഘന ശ്രമമാണ് 2018ൽ പുറത്തിറങ്ങിയ ‘ബലൂൺ’ പറയുന്നത്. തെക്കൻ ജർമനിയെയും പടിഞ്ഞാറൻ ജർമനിയെയും വേർതിരിക്കുന്ന മതിൽ ജനങ്ങളുടെ സ്വതന്ത്ര്യത്തിന് കുറുകെയായിരുന്നു കെട്ടിപൊക്കിയത്. സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതെ ഉറ്റവരും ഉടയവരും ആ മതിലിന് ഇരുവശങ്ങളിലായി നിസ്സഹായരായി ജീവിക്കുന്നു.

ആദ്യ ശ്രമത്തിൽ പീറ്ററിന്റെ കുടുംബം മാത്രമായിരുന്നെങ്കിൽ അടുത്ത ശ്രമത്തിൽ അവരോടൊപ്പം ഗ്വിന്ററും കുടുംബവും ഒത്തുചേരുന്നു. അവരിരുവരും ചേർന്നു തങ്ങളുടെ സ്വപ്നം നെയ്തെടുക്കുകയാണ്. ആദ്യ ശ്രമത്തിൽ തകർന്നുവീണ ബലൂൺ പോലീസുകാരുടെ ശ്രദ്ധയിൽ പെടുന്നതോടെ അതുണ്ടാക്കിയവർക്കായുള്ള അന്വേഷണവും ആരംഭിക്കുന്നു. ക്രൂരരായ ഭരണാധികാരികളുടെ കയ്യിൽ അകപ്പെടാതിരിക്കാൻ അവർക്ക് കഴിയുമോ? രക്ഷപെടാൻ ഒറ്റവഴിയേ അവർക്കുള്ളൂ – അന്തമില്ലാത്ത ആകാശം. ലോകം അന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത അതിർത്തി ലംഘന ശ്രമം അവർ നടത്തുമ്പോൾ പ്രേക്ഷകന് അതൊരു ഗംഭീര കാഴ്ചയായി മാറുന്നു.

അഭിനേതാക്കളുടെ ഗംഭീര പ്രകടനത്തോടൊപ്പം മികച്ച ഛായാഗ്രഹണവും ശക്തമായ പശ്ചാത്തലസംഗീതവും ഒന്നിക്കുമ്പോൾ മനോഹര ത്രില്ലർ ആണ് ഉടലെടുക്കുന്നത്. പ്രത്യേകിച്ചും രാത്രിയിലെ ഷോട്ടുകളൊക്കെ സുന്ദരം. സാഹസികതയുടെ പര്യായമായി ആ സംഘം മാറുമ്പോൾ കണ്ടിരിക്കുന്ന പ്രേക്ഷകനിലും ഭീതി നിറയും. ക്ലൈമാക്സ്‌ രംഗങ്ങൾ നൽകുന്ന ഫീൽ പറഞ്ഞറിയിക്കുന്നതിലും വലുതാണ്. ആദ്യാവസാനം ത്രസിപ്പിക്കുന്ന അപൂർവം ഹിസ്റ്ററി ഡ്രാമകളിൽ ഒന്നാണ് ബലൂൺ. ഒരു സിനിമ പ്രേമി എന്ന നിലയിൽ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം.

M പോസ്റ്റർ
M പോസ്റ്റർഅറേഞ്ച്ഡ്
  • M (1931)

  • Language- German

  • Duration- 1 Hour 57 Minutes

  • Genre- Crime / Mystery / Thriller

ബെർലിനിലെ ഒരു അപാർട്മെന്റിന് മുമ്പിൽ കുറച്ചു കുട്ടികൾ കളിച്ചുകൊണ്ട് നിൽക്കുകയാണ്. അവരെ മുറ്റത്ത് നിർത്താൻ മാതാപിതാക്കൾക്ക് ഭയമാണ്. കാരണം ആ നഗരത്തിനെ മുഴുവൻ ഭീതിയിലാഴ്ത്തുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്. പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചുകൊല്ലുന്ന പീഡോഫൈലായ ഒരു കൊലയാളി ആ പട്ടണത്തിലുണ്ട്. ഒരു പെൺകുട്ടിയെക്കൂടി കാണാതാവുന്നതോടെ പോലീസ് തങ്ങളുടെ തിരച്ചിൽ ശക്തമാക്കുന്നു. എന്നാൽ യാതൊരു പുരോഗമനവും ഇല്ലാതെ ആ തിരച്ചിൽ തുടരുന്നു. അടിയന്തരാവസ്ഥ കാലത്തെ അവസ്ഥയാണവിടെ. ഇതുകൊണ്ട് പൊറുതിമുട്ടിയ നഗരത്തിലെ വലിയൊരു മോഷണസംഘം പോലീസിന്റെ പണി ചെയ്യാൻ ഇറങ്ങുന്നു. ആ സീരിയൽ കില്ലറെ കണ്ടെത്താൻ അവർ മുന്നിട്ടിറങ്ങുകയായി…

89 വർഷങ്ങൾ മുമ്പ് പുറത്തിറങ്ങിയ ചിത്രം ഒരു ടൈംലെസ് മൂവി തന്നെയാണ്. ഇന്ന് റിലീസ് ചെയ്താലും ഒരു ക്ലാസിക് ത്രില്ലർ എന്നുപറയാവുന്ന അത്ഭുതസൃഷ്ടി. ഫ്രിറ്റ്സ്‌ ലാങ് എന്ന സംവിധായകനെ കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ. അദേഹത്തിന്റെ മാസ്റ്റർപീസ്. അന്ന് പ്രേക്ഷസ്വീകാര്യത നേടാതെ പോയെങ്കിലും ഇന്നൊരു അപൂർവസൃഷ്ടിയായി തിളങ്ങിനിൽക്കുന്നു.

സീരിയൽ കില്ലറെ പിടികൂടാൻ ഇറങ്ങുന്ന മോഷ്ടാക്കളുടെ നീക്കങ്ങളൊക്കെ വളരെ എൻഗേജിങ് ആയാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്ലൈമാക്സ്‌ രംഗങ്ങളൊക്കെ പ്രേക്ഷമനസ്സുകളിലേക്ക് കുത്തിതുളച്ചുകയറുകയാണ്. എന്താണ് നീതി? എന്താണ് നിയമം? എന്നൊക്കെ ചിന്തിച്ചിരുന്നുപോകുന്ന ഒരു ചലച്ചിത്രവിസ്മയം. ക്ലൈമാക്സ്‌ സീനുകളിൽ ആരുടെ പക്ഷം പിടിക്കണമെന്നറിയാതെ നിസ്സഹായനായി നിന്നുപോകുന്ന പ്രേക്ഷകനെ ഫ്രിറ്റ്സ് ലാങ് കാണുന്നുണ്ടാവും. തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ക്ലാസിക്.

Related Stories

No stories found.
Pappappa
pappappa.com