'ടോക്സിക്' ടീസറിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Kannada

ടോക്‌സിക് ടീസറിനെതിരെ പരാതിയുമായി ആംആദ്മി വനിതാ കമ്മീഷനില്‍

പപ്പപ്പ റിപ്പോര്‍ട്ടര്‍

കെജിഎഫിന് ശേഷം പാന്‍ ഇന്ത്യ താരം യാഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'ടോക്‌സിക്' റിലീസിന് മുമ്പേ വിവാദങ്ങളുടെ ചുഴിയില്‍. ടീസറിലെ അശ്ലീല ദൃശ്യങ്ങള്‍ക്കെതിരെ ആംആദ്മി പാര്‍ട്ടി വനിതാ വിങ് കര്‍ണാടക സംസ്ഥാന വനിതാ കമ്മീഷനില്‍ പരാതി നല്‍കി. ടീസറിനെതിരെ കേരളത്തിലും വന്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. സംവിധായക ഗീതു മോഹന്‍ദാസിന്റെ സ്ത്രീപക്ഷനിലപാടുകളിലെ ഇരട്ടത്താപ്പുകളായിരുന്നു ചോദ്യം ചെയ്യപ്പെട്ടത്. സംവിധായകനായ നിഥിന്‍ രണ്‍ജി പണിക്കര്‍, നിര്‍മാതാവും നടനുമായ വിജയ് ബാബു എന്നിവര്‍ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. നേരത്തെ, നിഥിന്റെ സിനിമയായ കസബയില്‍ സ്ത്രീവിരുദ്ധയുണ്ടെന്ന് ഗീതുവും സംഘവും ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് നിഥിന്‍ രംഗത്തെത്തിയത്.

യാഷിന്റെ നാല്‍പ്പതാം ജന്മദിനമായ ജനുവരി 8-നാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ടീസറിലെ ചില രംഗങ്ങള്‍ സ്ത്രീകളുടെയും കുട്ടികളുടെയും അന്തസിനെ ഹനിക്കുന്നതാണെന്നും കന്നഡ സംസ്‌കാരത്തിനു വിരുദ്ധമാണെന്നുമാണ് പരാതിക്കാരുടെ വാദം. യാഷിനൊപ്പം കാറിനുള്ളില്‍ ഒരു സ്ത്രീ പ്രത്യക്ഷപ്പെടുന്ന ചില ദൃശ്യങ്ങളാണ് പ്രധാനമായും വിമര്‍ശനത്തിന് വഴിവച്ചത്. സോഷ്യല്‍ മീഡിയയില്‍നിന്നും പബ്ലിക് പ്ലാറ്റ്ഫോമുകളില്‍ നിന്നും ടീസര്‍ ഉടന്‍ നീക്കുക, ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ കര്‍ശന നിയമം കൊണ്ടുവരിക തുടങ്ങിയവയാണ് പരാതിക്കാരുടെ പ്രധാന ആവശ്യങ്ങള്‍.

'ടോക്സിക്' ടീസറിൽ നിന്ന്

സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്റെ സംവിധായിക ഗീതു മോഹന്‍ദാസിനെതിരെ 'സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു' എന്ന പേരില്‍ സൈബര്‍ ആക്രമണവും തുടങ്ങിയിട്ടുണ്ട്. വിവാദങ്ങള്‍ക്കിടയിലും ചിത്രത്തിനു പിന്തുണയുമായി പ്രമുഖ സംവിധായകന്‍ റാം ഗോപാല്‍ വര്‍മ രംഗത്തെത്തി. ഗീതു മോഹന്‍ദാസ് യഥാര്‍ഥ സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമാണെന്നും ഒരു പുരുഷ സംവിധായകനും ചെയ്യാന്‍ ധൈര്യപ്പെടാത്ത രീതിയിലാണ് അവര്‍ ഈ ടീസര്‍ ഒരുക്കിയിരിക്കുന്നതെന്നുമായിരുന്നു ബോളിവുഡ് സംവിധായകന്‍ അഭിപ്രായപ്പെട്ടത്.

'ടോക്സിക്' ടീസറിൽ നിന്ന്

നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്ന 'ടോക്‌സിക്' മാര്‍ച്ച് 19ന് തിയറ്ററുകളിലെത്തിക്കാനാണ് അണിയറക്കാരുടെ ശ്രമം. അതേസമയം, വിവാദങ്ങളെത്തുടര്‍ന്ന് ചിത്രം കോടതി കയറിയാല്‍ എന്താകുമെന്ന ആകാംക്ഷയിലാണ് സിനിമാ ലോകം.