ബംഗളൂരുവില്‍ നടന്ന 'ടോക്‌സിക്' ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ ചിത്രത്തെക്കുറിച്ചും അതു നേരിട്ട വെല്ലുവിളികളെക്കുറിച്ചും തുറന്നുപറഞ്ഞ് കന്നഡ സൂപ്പര്‍താരം യഷ്. ചിത്രം ഉപേക്ഷിച്ചു എന്ന രീതിയില്‍ നിരന്തരം പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും താരം കൃത്യമായ മറുപടി നല്‍കി.
ഒരു സിനിമ നിര്‍മിക്കുക എന്നത് ലോകത്തിനു മുഴുവന്‍ എതിരായി യുദ്ധത്തിന് ഇറങ്ങുന്നതുപോലെയാണെന്ന് യഷ് അഭിപ്രായപ്പെട്ടു. പത്തോ ഇരുപതോ ദിവസങ്ങള്‍ കൂടുമ്പോള്‍ ചിത്രം ഉപേക്ഷിച്ചു അല്ലെങ്കില്‍ ചിത്രീകരണം നിര്‍ത്തിവെച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നത് എവിടെ നിന്നാണെന്ന് തനിക്കറിയില്ലെന്ന് താരം വ്യക്തമാക്കി.
ഇരുന്നൂറോളം ദിവസങ്ങള്‍ നീണ്ടുനിന്ന ചിത്രീകരണത്തില്‍ ഒട്ടേറെ അഭിനേതാക്കളെയും ലൊക്കേഷനുകളെയും ഷെഡ്യൂളുകളെയും ഒന്നിച്ച് ഏകോപിപ്പിക്കേണ്ടതുണ്ടായിരുന്നു. ഇത്തരം വലിയ പ്രോജക്ടുകളില്‍ സ്വാഭാവികമായും നേരിടേണ്ടി വരുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ മറികടന്നാണ് സിനിമ പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാഷാതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വളര്‍ന്ന ഇന്ത്യന്‍ സിനിമയുടെ പ്രതീകമാണ് 'ടോക്‌സിക്' എന്ന് യഷ് പറഞ്ഞു. ഇത് കേവലം ഒരു കന്നഡ ചിത്രമല്ല, മറിച്ച് ഇന്ത്യയിലെ മികച്ച താരങ്ങളും പ്രഗത്ഭരായ കലാകാരന്മാരും ഒന്നിച്ചണിനിരക്കുന്ന ഒരു ഇന്ത്യന്‍ സിനിമയാണ്.
വന്‍ താരനിര ഒന്നിക്കുമ്പോള്‍ സമ്മര്‍ദങ്ങള്‍ക്കു സാധ്യതയുണ്ടെങ്കിലും, ചിത്രത്തിലെ അഭിനേതാക്കളെല്ലാം സ്വന്തം ഈഗോകള്‍ മാറ്റിവെച്ച് ഇന്ത്യന്‍ സിനിമയെ ആഗോളതലത്തില്‍ എത്തിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചതെന്നും യഷ് വ്യക്തമാക്കി. വരും കാലങ്ങളിലും അഭിമാനത്തോടെ ഓര്‍ക്കാവുന്ന ഒന്നായിരിക്കും ചിത്രമെന്നും യഷ് കൂട്ടിച്ചേര്‍ത്തു.