ഒടുവില്‍ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമായി. റോക്കിങ് സ്റ്റാര്‍ യാഷിന്റെ ആക്ഷന്‍-ഡ്രാമ 'ടോക്‌സിക്: എ ഫെയറി ടെയ്ല്‍ ഫോര്‍ ഗ്രോണ്‍-അപ്സ്' 2026 മാര്‍ച്ച് 19ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. നേരത്തെ പ്രഖ്യാപിച്ച ദിവസം തന്നെ ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്ന് അണിയറക്കാര്‍ അറിയിച്ചു. റിലീസ് മാറ്റിവയ്ക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടയില്‍, ഫിലിം ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് നിര്‍മാതാക്കളുമായി സംസാരിക്കുകയും അവരെ ഉദ്ധരിച്ച്, ചിത്രത്തിന്റെ റിലീസ് തീയതി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.
'ടോക്‌സിക്' പ്ലാന്‍ ചെയ്തതുപോലെ നടക്കുകയാണ്. യാഷ് മുംബൈയില്‍ രാമായണത്തിന്റെ ചിത്രീകരണം ആരംഭിച്ചതിനു സമാന്തരമായി ഏപ്രിലില്‍ ടോക്സിക്കിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍, വിഎഫ്എക്‌സ് ജോലികള്‍ ആരംഭിച്ചിട്ടുണ്ട്'- തരണ്‍ വ്യക്തമാക്കി. നിലവില്‍ ബെംഗളൂരുവില്‍ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രത്തിന്റെ പ്രമോഷന്‍ ജോലികള്‍ ആരംഭിക്കുമെന്നും തരണ്‍ പറയുന്നു.
ഇംഗ്ലീഷ്, കന്നഡ ഭാഷകളില്‍ ഒരേസമയം ചിത്രീകരിച്ച 'ടോക്‌സിക്' ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നിവയുള്‍പ്പെടെയുള്ള ഭാഷകളില്‍ റിലീസ് ചെയ്യും. നടി ഗീതു മോഹന്‍ദാസ് ആണ് ചിത്രത്തിന്റെ സംവിധാനം. പ്രമുഖ ഛായഗ്രാഹകനും സംവിധായകനും ഗീതുവിന്റെ ജീവിതപങ്കാളിയുമായ രാജീവ് രവിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഗീതുവും യാഷും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായെന്നും ഗീതുവിനെ മാറ്റി യാഷ് സംവിധാനച്ചുമത ഏറ്റെടുത്തുമെന്നുമുള്ള വാർത്തകൾക്കിടെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനമുണ്ടായത്. യാഷിനോടൊപ്പം നയന്‍താര, കിയാര അദ്വാനി, താര സുതാരിയ, ഹുമ ഖുറേഷി, രുക്മിണി വസന്ത്, ടൊവിനോ തോമസ്, അക്ഷയ് ഒബ്രോയി, സുദേവ് നായര്‍, അമിത് തിവാരി, ഡാരെല്‍ ഡി സില്‍വ, നതാലി ബേണ്‍, കെയ്ല്‍ പോള്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു.