റോക്കിങ് സ്റ്റാര്‍ യാഷിന്റെ പുതിയ ചിത്രമായ ടോക്സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്സിന്റെ അണിയറ ദൃശ്യങ്ങൾ ചോർന്നു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൻ തരംഗമായി മാറിയിരിക്കുകയാണ് ദൃശ്യങ്ങൾ. ദൃശ്യങ്ങളും കഥാപാത്രങ്ങളുടെ ലുക്കും കണ്ട പ്രേക്ഷകർ അന്താരാഷ്ട്ര സീരീസ് ആയ 'പീക്കി ബ്ലൈൻഡേഴ്സു'മായി ഗീതു മോഹൻദാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിനു സാമ്യമുണ്ടെന്നു പറയുന്നു.
അനുരാഗ് കശ്യപിന്റെ ബോംബെ വെൽവെറ്റ് എന്ന ചിത്രവുമായും ചിലർ താരതമ്യം ചെയ്യുന്നു. അതേസമയം, ബോംബെ വെൽവെറ്റിനു സംഭവിച്ച ദുരന്തം ടോക്സിക്കിനും സംഭവിക്കുമോ എന്നാണ് ചില പ്രേക്ഷകർ പ്രകടിപ്പിക്കുന്ന സംശയം. നയന്‍താരയുടെയും യാഷിന്റെയും വീഡിയോ ആണ് ചോർന്നത്. വീഡിയോയില്‍, നയന്‍താര ഒരു പുരുഷന്റെ അടുത്തേക്ക് നടന്നുവന്നു ദൃഢമായി ഹസ്തദാനം ചെയ്യുന്നു. യാഷ് അയാളെ പിന്തുടരുകയും അതുപോലെ ചെയ്യുകയും ചെയ്യുന്നു. കറുത്ത ഗൗണില്‍ നയന്‍താര അതിമനോഹരിയായി കാണപ്പെടുന്നു. അതേസമയം യാഷ് വെളുത്ത വസ്ത്രത്തിലാണ്. പശ്ചാത്തലത്തില്‍ എലിസബത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹുമ ഖുറേഷിയുടെ സാന്നിധ്യവുമുണ്ട്
ദൃശ്യങ്ങൾ എങ്ങനെ ചോർന്നു എന്നതിനെക്കുറിച്ച് റിപ്പോർട്ടുകളുമൊന്നുമില്ല. തുടക്കം മുതൽ വിവാദങ്ങളുടെ ചുഴിയിൽപ്പെട്ട ചിത്രമാണ് ഇപ്പോൾ വീണ്ടും വിവാദങ്ങളിൽപ്പെടുന്നത്. ടോക്സിക്കിന്റെ അണിയറക്കാർ ഡിസംബര്‍ മുതല്‍ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്ന, ആരാധകരെ ത്രില്ലടിപ്പിക്കുന്ന പോസ്റ്ററുകള്‍ പുറത്തിറക്കുകയാണ്. രക്തം പുരണ്ട ബാത്ത് ടബ്ബില്‍ പരുക്കന്‍ ലുക്കില്‍ നില്ക്കുന്ന യാഷ്, ആരാധകരില്‍ ആവേശം നിറച്ചു. ഗംഗ എന്ന കഥാപാത്രമാകുന്ന നയന്‍താര ഒരു വലിയ കാസിനോയുടെ പ്രവേശനകവാടത്തില്‍ തോക്കുമായി നില്‍ക്കുന്നതായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.
കെജിഎഫ്: 2ന് ശേഷം യാഷിന്റെ ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവാണ് ടോക്സിക്. വളരെക്കാലമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന ഈ പ്രോജക്ട് കന്നഡയിലും ഇംഗ്ലീഷിലും നിര്‍മിക്കുന്നു. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഡബ്ബ് ചെയ്ത പതിപ്പുകള്‍ റിലീസ് ചെയ്യുമെന്നാണ് അണിയറക്കാര്‍ പുറത്തുവിടുന്ന വിവരം. യാഷും ഗീതുവും ചേര്‍ന്നാണ് തിരക്കഥ. കെവിഎന്‍ പ്രൊഡക്ഷന്സിന്റെയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെയും ബാനറുകളില്‍ വെങ്കട്ട് കെ. നാരായണയും യാഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഛായാഗ്രാഹകനായി രാജീവ് രവിയും സംഗീതസംവിധായകനായി രവി ബസ്രൂരും എഡിറ്ററായി ഉജ്വല്‍ കുല്‍ക്കര്‍ണിയും സാങ്കേതിക സംഘത്തിലുണ്ട്. കിയാര അദ്വാനി, ഹുമ ഖുറേഷി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.