യാഷ് ഫോട്ടോ കടപ്പാട്-യാഷ് ഫേസ്ബുക്ക് പേജ്
Kannada

ടോക്‌സിക്കിലെ ഇന്റിമേറ്റ് സീനില്‍ കുടുങ്ങി യാഷ്; പഴയ അഭിമുഖം വീണ്ടും വൈറല്‍

പപ്പപ്പ റിപ്പോര്‍ട്ടര്‍

കന്നഡ സൂപ്പര്‍സ്റ്റാര്‍ യാഷ് നായകനാകുന്ന ടോക്‌സിക് റിലീസിന് മുമ്പേ വിവാദങ്ങളുടെ കൊടുംചുഴിയിലാണ്. സിനിമയുടെ ടീസറിലെ ചില ദൃശ്യങ്ങള്‍ അശ്ലീലമാണെന്ന് ആരോപിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ രംഗത്തെത്തിയതോടെയാണ് വിവാദം ആളിപ്പടര്‍ന്നത്. എന്നാല്‍ ഇതിനിടയില്‍, യാഷിന്റെ നേരത്തെ പുറത്തുവന്ന അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍ താരത്തെ വീണ്ടും വലിയ വിവാദങ്ങളിലേക്കു തള്ളിയിട്ടു. മറുപടി പറയാനാകാത്തവിധം യാഷ് ഒറ്റപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍, സംവിധായക ഗീത മോഹന്‍ദാസിന്റെ മുന്‍കാല പ്രസ്താവനകളും കന്നഡയില്‍ യാഷിന്റെ അഭിമുഖവും ചിത്രത്തെ വലിയ രീതിയില്‍ ബാധിച്ചിരിക്കുകയാണ്. കുടുംബപ്രേക്ഷകര്‍ ചിത്രം ബഹിഷ്‌കരിക്കുമെന്നാണ് പ്രതിഷേധങ്ങള്‍ സൂചിപ്പിക്കുന്നത്.

ടീസറിലെ ഒരു രംഗത്തില്‍ യാഷും ഒരു പെൺകുട്ടിയും തമ്മിലുള്ള കാറിനുള്ളിലെ ദൃശ്യങ്ങള്‍ സഭ്യതയുടെ അതിരുകടന്നതാണെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി വനിതാ വിങ് കര്‍ണാടക വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. ദൃശ്യങ്ങള്‍ കന്നഡ സംസ്‌കാരത്തിനു വിരുദ്ധമാണെന്നും സ്ത്രീകളെയും കുട്ടികളെയും മോശമായി ബാധിക്കുമെന്നും പരാതിയില്‍ പറയുന്നു. ടീസര്‍ പിന്‍വലിക്കാന്‍ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.

'ടോക്സിക്' ടീസറിലെ രം​ഗം

വിവാദം കൊഴുക്കുമ്പോഴാണ് യാഷ് നേരത്തെ നല്‍കിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്. രമേഷ് അരവിന്ദ് അവതാരകനായ കന്നഡ ടോക്ക് ഷോയില്‍ സംസാരിക്കവെയായിരുന്നു യഷ് തന്റെ നിലപാട് വ്യക്തമാക്കിയത്: 'എന്റെ മാതാപിതാക്കള്‍ക്കൊപ്പം ഇരുന്നു കാണാന്‍ എനിക്ക് ബുദ്ധിമുട്ടുള്ള ഒരു രംഗവും ഞാന്‍ സിനിമയില്‍ ചെയ്യില്ല...' എന്നായിരുന്നു അന്നു താരം പറഞ്ഞത്. യാഷ് അന്ന് ഉയര്‍ത്തിപ്പിടിച്ച നിലപാടും ഇന്നത്തെ സിനിമയിലെ രംഗങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് വിമര്‍ശകരുടെ വാദം. പഴയ വീഡിയോ കുത്തിപ്പൊക്കി താരത്തിനെതിരെ വലിയ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

'ടോക്സിക്' ടീസറിൽ യാഷ്

വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും മറുപടിയുമായി ചിത്രത്തിന്റെ സംവിധായിക ഗീതു മോഹന്‍ദാസ് തന്നെ രംഗത്തെത്തി. നടിയും സുഹൃത്തുമായ റിമകല്ലിങ്കലിന്റെ 'സ്ത്രീകളുടെ താത്പര്യങ്ങള്‍, സമ്മതം, സ്ത്രീകള്‍ സിസ്റ്റത്തെ മറികടക്കുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ തലപുകയുമ്പോള്‍ ഞാന്‍ ഇതെല്ലാം ആസ്വദിക്കുകയാണ്...'എന്ന ഇൻസ്റ്റ​ഗ്രാം വാചകം പങ്കുവച്ചായിരുന്നു ഗീതുവിന്റെ പ്രതികരണം.

ടീസറിലെ ദൃശ്യങ്ങള്‍ക്കെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സെന്‍സര്‍ ബോര്‍ഡ് വ്യക്തത വരുത്തി. ടീസര്‍ യൂട്യൂബില്‍ മാത്രമാണ് റിലീസ് ചെയ്തിട്ടുള്ളത്. തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്കും ട്രെയിലറുകള്‍ക്കും മാത്രമേ സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളൂ. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ വരുന്ന പ്രമോഷണല്‍ വീഡിയോകള്‍ തങ്ങളുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

'ടോക്സിക്' ടീസറിലെ രം​ഗം

ദളപതി വിജയ്‌യുടെ അവസാന ചിത്രം 'ജനനായകന്‍' നേരിടുന്ന സെന്‍സര്‍ വിവാദങ്ങള്‍ക്ക് പിന്നാലെ മറ്റൊരു വമ്പന്‍ ചിത്രം കൂടി നിയമക്കുരുക്കിലാകുന്നത് ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്. വാക്കും പ്രവൃത്തിയും തമ്മിലുള്ള മാറ്റമാണോ അതോ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടിയുള്ള വിട്ടുവീഴ്ചയാണോ യാഷ് നടത്തിയത്? 'ടോക്‌സിക്' തിയറ്ററിലെത്തുമ്പോള്‍ മാത്രമേ ഇതിനെല്ലാം കൃത്യമായ ഉത്തരം ലഭിക്കുകയുള്ളൂ.